
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മുതിർന്ന സിപിഎം നേതാവും മുൻ രാജ്യസഭാംഗവുമായ ബികാസ് രഞ്ജൻ ഭട്ടാചാര്യയുടെ വീടിന് നേരെ ആക്രമണം. കൊൽക്കത്തയിലെ വീടിന് നേരെ ആണ് ആക്രമണം ഉണ്ടായത്. അക്രമികൾ വീടിന് നേരെ മദ്യക്കുപ്പികൾ എറിഞ്ഞുവെന്നും സിസിടിവി ക്യാമറകൾ നശിപ്പിച്ചുവെന്നും ബികാസ് രഞ്ജൻ ഭട്ടാചാര്യ പറഞ്ഞു. ആക്രമണത്തിന് പിന്നിൽ ബിജെപിയുടെ പിന്തുണയുള്ള ഗുണ്ടകളാണെന്ന് ആരോപിച്ച കൊൽക്കത്ത മുൻ മേയർ കൂടിയായ ബികാസ് രഞ്ജൻ ഭട്ടാചാര്യ, ഈസ്റ്റ് ജാദവ്പൂർ പൊലീസിന് പരാതി നൽകിയതായും അറിയിച്ചു. ആക്രമണത്തെ തൃണമൂൽ കോൺഗ്രസ് അപലപിച്ചു.
സൗത്ത് ഈസ്റ്റ് കൊൽക്കത്തയിലെ ഇഎം ബൈപ്പാസിനോട് ചേർന്നുള്ള പൂർബ ലോക് മേഖലയിൽ സ്ഥിതിചെയ്യുന്ന വീടിന് നേരെ ആണ് പുലർച്ചെ അഞ്ചുമണിയോടെ ആക്രമണം ഉണ്ടായത്. ഇരുചക്ര വാഹനങ്ങളിൽ എത്തിയ അക്രമികൾ മദ്യക്കുപ്പികൾ വീടിന് നേരെ എറിഞ്ഞ് ജനാലയുടെ ചില്ലുകൾ തകർത്തതായി ബികാസ് രഞ്ജൻ ഭട്ടാചാര്യ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഉച്ചത്തിലുള്ള ശബ്ദം കേട്ടതായും സഹായി വിവരം അറിയിച്ചതിനെ തുടർന്ന് എത്തി നോക്കിയപ്പോഴാണ് സംഭവം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
അക്രമികൾ തനിക്ക് നേരെ അസഭ്യവർഷം നടത്തിയതായും ഭീഷണി മുഴക്കിയതായും ബികാസ് രഞ്ജൻ ഭട്ടാചാര്യ പറഞ്ഞു. ആക്രണത്തിന് പിന്നിൽ ഹിന്ദുത്വവാദികളാണെന്നും അദ്ദേഹം ആരോപിച്ചു.
"ഹിന്ദുത്വവാദികൾ എന്റെ വീട് ആക്രമിച്ചു. ഭീകരവാദികൾ ആക്രമിക്കുന്നത് ഇങ്ങനെയാണ്, മുഖംമൂടി ധരിച്ച്. ഹിന്ദു തീവ്രവാദത്തിനെതിരെ ഞാൻ നിരന്തരം സംസാരിക്കുന്നതിനാലാണ് ഈ ആക്രമണം ഉണ്ടായത്. ഞാൻ ഒരു വ്യക്തമായ തീരുമാനമെടുത്തിട്ടുണ്ട്. റിവോൾവർ ലൈസൻസിനായി ഞാൻ പൊലീസ് കമ്മീഷണർക്ക് അപേക്ഷ നൽകും. ലൈസൻസുള്ള ഒരു റിവോൾവർ കൈവശം വെയ്ക്കാൻ ഞാൻ ഉദ്ദേശിക്കുന്നുണ്ട്, എനിക്ക് ചുറ്റുമുള്ളവർ അതിനായി തയ്യാറായിരിക്കണം"- അദ്ദേഹം പറഞ്ഞു. അതേസമയം ആരോപണം നിഷേധിച്ച ബിജെപി, ഇതുമായി ബന്ധപ്പെട്ട് തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും ആക്രമണത്തെ അപലപിക്കുന്നതായും വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam