
ദില്ലി: കർഷകരുടെ സമരം ശക്തമായി തുടരുമ്പോഴും കാർഷിക നിയമത്തിൽ കടുംപിടിത്തം തുടരുന്ന കേന്ദ്രസർക്കാരിനെതിരെ സംയുക്ത പ്രതിഷേധത്തിന് പ്രതിപക്ഷ കക്ഷികളുടെ നീക്കം. ഇതിനായുള്ള തയ്യാറെടുപ്പുകളും കൂടിയാലോചനകളും പ്രതിപക്ഷം ആരംഭിച്ചു. ഇതിന്റെ ഭാഗമായി പ്രതിപക്ഷ പാർട്ടികളിലെ നേതാക്കളുമായി സോണിയ ഗാന്ധി സംസാരിക്കും. പാർലമെൻറ് സമ്മേളനത്തിനു മുമ്പ് പ്രതിപക്ഷ പാർട്ടികൾ യോഗം ചേരും. കർഷക സമരത്തിലെ സുപ്രീംകോടതി ഉത്തരവ്, കർഷക സംഘടനകളുടെ നിലപാട് എന്നിവ കൂടി പരിഗണിച്ചാകും പാർലമെൻറിലെ പ്രതിഷേധം. ഇതുമായി ബന്ധപ്പെട്ട് സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി സിപിഐ നേതാവ് ഡി രാജ എന്നിവർ എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി.
അതിനിടെ കാർഷിക നിയമത്തിൽ രാജി ഭീഷണിയുമായി ഹരിയാനയിലെ ഐഎൻഎൽഡി നേതാവ് അഭയ് സിങ് ചൗട്ടാല രംഗത്തെത്തി. കാർഷിക ഭേദഗതി നിയമത്തിൽ സ്പീക്കർക്ക് അഭയ് സിങ് ചൗട്ടാല രാജിക്കത്ത് എഴുതി നൽകി. എംഎൽഎ സ്ഥാനം രാജിവെക്കാനാണിത്. ഈ മാസം 26 ന് ഉള്ളിൽ കേന്ദ്രസർക്കാർ കാർഷിക ഭേദഗതി നിയമം പിൻവലിച്ചില്ലെങ്കിൽ ഇത് രാജിക്കത്ത് ആയി പരിഗണിക്കണമെന്നാണ് ആവശ്യം. ഹരിയാനയിൽ ഐഎൻഎൽഡിയുടെ ഏക എംഎൽഎയാണ് അഭയ് സിങ് ചൗട്ടാല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam