
ദില്ലി: കശ്മീരിൽ ഭീകരാക്രമണങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ ബിജെപി നേതൃത്വത്തിലുളള കേന്ദ്ര സർക്കാരിനെതിരെ (Terrorist Attacks) രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. കശ്മീർ പുനസംഘടനക്കേറ്റ കനത്ത തിരിച്ചടിയാണ് ഭീകരാക്രമണങ്ങളെന്നാണ് കോൺഗ്രസ് കുറ്റപ്പെടുത്തുന്നത്. സാധാരണക്കാരായ ജനങ്ങൾ കൊല്ലപ്പെടുന്നു. കശ്മീരി പണ്ഡിറ്റുകൾ പ്രദേശത്ത് നിന്നും പാലായനം ചെയ്യുന്നു. സ്ഥിതി ദുരുതരമാണെന്നിരിക്കെ കശ്മീരിനോട് കേന്ദ്രം കണ്ണടച്ചിരിക്കുന്നുവെന്ന് ലോക് സഭ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി കുറ്റപ്പെടുത്തി. കശ്മീരിൽ കേന്ദ്ര സർക്കാർ ജനങ്ങളെ അപകടത്തിലേക്ക് തള്ളിവിടരുതെന്ന് ശിവസേനയും കുറ്റപ്പെടുത്തുന്നു. പ്രദേശത്ത് കേന്ദ്ര സർക്കാരിന്റെ ഇടപെടൽ മതിയായ രീതിയിലുണ്ടാകുന്നില്ലെന്ന് ഉദ്ധവ് താക്കറെയും കുറ്റപ്പെടുത്തുന്നു.
കശ്മീരില്‍ ആവർത്തിക്കുന്ന ഭീകരാക്രമണങ്ങൾക്കെതിരെ തെരുവിലും പ്രതിഷേധം ശക്തമാകുകയാണ്. സാധരണക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കശ്മീരി പണ്ഡിറ്റുകൾ കശ്മീരിലും ദില്ലിയിലും തെരുവിലിറങ്ങി. കശ്മീരില്‍ നടന്ന പ്രതിഷേധത്തില്‍ അധ്യാപികമാരടക്കം നൂറുകണക്കിന് പേർ പങ്കെടുത്തു. ദില്ലി ജന്തർ മന്തറില്‍ കശ്മീരി പണ്ഡിറ്റുകളുടെ നേതൃത്ത്വത്തിലുള്ള വിവിധ സംഘടനകൾ സംയുക്തമായാണ് പ്രതിഷേധിച്ചത്. കശ്മീരി പണ്ഡിറ്റുകളായ സർക്കാർ ഉദ്യോഗസ്ഥർക്ക് ഉടനെ ജമ്മു മേഖലയിലേക്കോ, സുരക്ഷിതമായ ഉൾഗ്രാമങ്ങളിലേക്കോ സ്ഥലംമാറ്റം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.
ജമ്മു കശ്മീരില്‍ സുരക്ഷാ വിന്യാസം കൂട്ടണം; ഒരു തീവ്രവാദിയെ പോലും വെറുതെ വിടരുതെന്നും അമിത് ഷാ
എന്നാൽ കശ്മീരില്‍ കേന്ദ്രം പിന്നോട്ട് പോയിട്ടില്ലെന്നാണ് ബിജെപി ആവർത്തിക്കുന്നത്. ഭീകരാക്രമണങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത കർശനമാക്കാൻ കേന്ദ്രം നിർദ്ദേശിച്ചു. അമർനാഥ് തീർത്ഥയാത്ര തുടങ്ങാനിരിക്കെ പ്രദേശത്ത് സൈനിക വിന്യാസം കൂട്ടുന്നതടക്കമുള്ള കാര്യങ്ങളില്‍ ഉടന്‍ തീരുമാനമെടുത്തേക്കും. ഈ വർഷം ഇതുവരെ എൺപതോളം ഭീകരരെയാണ് സൈന്യം ഏറ്റുമുട്ടലിലൂടെ വധിച്ചത്. കഴിഞ്ഞ ദിവസം അനന്തനാഗില്‍ ഏറ്റുമുട്ടലിനിടെ പരിക്കേറ്റ സൈനികരുടെയും പ്രദേശവാസിയുടെയും നില ഗുരുതരമല്ലെന്ന് കശ്മീർ പൊലീസ് അറിയിക്കുന്നു.