ഭീകരരുടെ കേന്ദ്രങ്ങള്‍ കണ്ടെത്തണം. ഒരു തീവ്രവാദിയെ പോലും വെറുതെ വിടരുതെന്നും ജമ്മുകശ്മീരിലെ സാഹചര്യം വിലയിരുത്താന്‍ ചേര്‍ന്ന ഉന്നത തല യോഗത്തില്‍ അമിത് ഷാ പറഞ്ഞു. 

ദില്ലി: ജമ്മുകശ്മീരില്‍ സുരക്ഷാ വിന്യാസം കൂട്ടാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദ്ദേശം. ഭീകരരുടെ കേന്ദ്രങ്ങള്‍ കണ്ടെത്തണം. ഒരു തീവ്രവാദിയെ പോലും വെറുതെ വിടരുതെന്നും ജമ്മുകശ്മീരിലെ സാഹചര്യം വിലയിരുത്താന്‍ ചേര്‍ന്ന ഉന്നത തല യോഗത്തില്‍ അമിത് ഷാ പറഞ്ഞു. 

സാധാരണക്കാര്‍ക്ക് നേരെ ഭീകരാക്രമണം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് സാഹചര്യം വിലയിരുത്താന്‍ യോഗം ചേര്‍ന്നത്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവല്‍, ജമ്മുകശ്മീര്‍ ലഫ് ഗവര്‍ണ്ണര്‍ മനോജ് സിന്‍ഹ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ജമ്മുകാശ്മീരില്‍ ആശങ്ക പടർത്തിയാണ് സാധാരക്കാർക്ക് നേരെ ഭീകരാക്രമണം തുടരുന്നത്. കുല്‍ഗാമില്‍ ഇന്നലെ ബാങ്ക് മാനേജരെ വെടിവച്ചുകൊന്നതിന്‍റെ ഉത്തരവാദിത്തം ഭീകരസംഘടന ഏറ്റെടുത്തിരുന്നു. ഷോപിയാനില്‍ സൈന്യം സഞ്ചരിച്ചിരുന്ന വാഹനം പൊട്ടിത്തെറിച്ച് മൂന്ന് സൈനികർക്ക് ഗുരുതര പരിക്കേറ്റു. 

കുല്‍ഗാം ജില്ലയില്‍ മോഹന്‍പുരയിലെ ബാങ്ക് മാനേജരും രാജസ്ഥാന്‍ സ്വദേശിയുമായ വിജയകുമാറിന് നേരെ ബാങ്കിലെത്തിയാണ് ഭീകരന്‍ വെടിയുതിർത്തത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭീകരർക്കായി തിരച്ചില്‍ തുടരുന്നതിനിടെയാണ് ജമ്മു കാശ്മീർ ഫ്രീഡം ഫൈറ്റേഴ്സെന്ന ഭീകര സംഘടന ഉത്തരവാദിത്തം ഏറ്റെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകേട്ട് കശ്മീരിലെത്തുന്നവർക്കുള്ള മുന്നറിയിപ്പാണ് കൊലപാതകമെന്നും , കശ്മീരിനെ മാറ്റാന്‍ ശ്രമിക്കുന്നവർക്കെല്ലാം ഈ ഗതി വരുമെന്നും ജെഎഫ്എഫ് പ്രസ്താവനയില്‍ പറഞ്ഞു. 

ഒരാഴ്ചക്കിടെ മൂന്ന് പേരാണ് ജമ്മു കാശ്മീരില്‍ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. കശ്മീരി പണ്ഡിറ്റുകളെയും സംസ്ഥാനത്ത് ജോലിതേടിയെത്തുന്ന സാധാരണക്കാരെയും തിരഞ്ഞുപിടിച്ച് കൊല്ലുകയാണെന്നും, സുരക്ഷിതരല്ലെങ്കില്‍ താഴ്വര വിടേണ്ടി വരുമെന്നും പ്രദേശവാസികൾ പറഞ്ഞു. കശ്മീരി പണ്ഡിറ്റുകളുടെ നേതൃത്ത്വത്തില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധം ശക്തമാണ്.

ഷോപ്പിയാനില്‍ സൈന്യം സഞ്ചരിച്ചിരുന്ന വാഹനം പൊട്ടിത്തെറിച്ചത് അട്ടിമറിയാണോയെന്ന് സംശയിക്കുന്നതായി കശ്മീർ പോലീസ് അറിയിച്ചു. അതിനിടെ കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്താന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി അമിത്ഷാ ഇന്നലെ കൂടികാഴ്ച നടത്തിയിരുന്നു. കശ്മീരിനെ അധികാരത്തിലേക്കുള്ള ഗോവണിയായി മാത്രമാണ് ബിജെപി കാണുന്നതെന്ന് രാഹുല്‍ ഗാന്ധി വിമർശിച്ചു. സമാധാനം പുനസ്ഥാപിക്കാനും പ്രധാനമന്ത്രി ഇടപെടണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.