ഇന്ത്യ-ചൈന സംഘര്‍ഷം: പാര്‍ലമെന്‍റില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം, ഇരുസഭകളില്‍ നിന്നും ഇറങ്ങിപ്പോയി

Published : Dec 14, 2022, 01:12 PM ISTUpdated : Dec 14, 2022, 03:17 PM IST
ഇന്ത്യ-ചൈന സംഘര്‍ഷം: പാര്‍ലമെന്‍റില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം,  ഇരുസഭകളില്‍ നിന്നും ഇറങ്ങിപ്പോയി

Synopsis

ഇന്ത്യ - ചൈന സംഘർഷത്തില്‍ ചർച്ച ആവശ്യപ്പെട്ട് സഭയില്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം ഉയ‍ർന്നു. 

ദില്ലി: ഇന്ത്യ - ചൈന സംഘർഷത്തില്‍ പാർലമെന്‍റില്‍ ച‍ർച്ച ആവശ്യപ്പെട്ട് വീണ്ടും പ്രതിപക്ഷ പ്രതിഷേധം. പാർലമെന്‍റിന്‍റെ ഇരുസഭകളില്‍ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി. സംഘർഷ സാഹചര്യത്തില്‍ ചൈന അതിര്‍ത്തിയിലെ വ്യോമനിരീക്ഷണം ശക്തമാക്കി. ഇന്ത്യ - ചൈന സംഘർഷത്തില്‍ ചർച്ച ആവശ്യപ്പെട്ട് സഭയില്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം ഉയ‍ർന്നു. അടിയന്തരപ്രമേയം നല്‍കി പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടപ്പോള്‍ പ്രതിരോധമന്ത്രി ഇന്നലെ പ്രസ്താവന നടത്തി സാഹചര്യം വിശദീകരിച്ചത് ലോകസഭയിലും രാജ്യസഭയിലും അദ്ധ്യക്ഷൻമാർ ചൂണ്ടിക്കാട്ടി.

ചർച്ച നടത്താതെ സഭ നടപടികളിലേക്ക് കടന്നതോടെ പ്രതിപക്ഷം ഇറങ്ങിപ്പോവുകയായിരുന്നു. കോണ്‍ഗ്രസും തൃണമൂല്‍ കോൺഗ്രസും ഉള്‍പ്പടെയുള്ള 17 പാർട്ടികളാണ് പ്രതിഷേധം ഉയര്‍ത്തി സഭയില്‍ നിന്ന് ഇറങ്ങിപ്പോയത്. പാർലമെന്‍റ് ചേരുന്നതിന് മുൻപ് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖർഗെയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേർന്നിരുന്നു. അതേസമയം സംഘ‌ർഷ സാഹചര്യത്തില്‍ അതിര്‍ത്തിയിലെ സുരക്ഷ സൈന്യം ശക്തമാക്കിയിട്ടുണ്ട്. ചൈന മേഖലയിലേക്ക് കൂടുതല്‍ ഹെലികോപ്ടറുകള്‍ എത്തിച്ചതായാണ് വിവരം. അരുണാചല്‍ മേഖലയിലും ദെപ്സാങിലും ചൈനീസ് സാന്നിധ്യം കൂടിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. സമാധാനശ്രമങ്ങളുടെ ഭാഗമായി കമാൻ‍‍ഡർ തല ചർച്ചക്കുള്ള നിര്‍ദേശം ഇന്ത്യ മുന്നോട്ട് വച്ചിട്ടുണ്ട്.

അതേസമയം ഇന്ത്യ - ചൈന സംഘർഷത്തിൽ യഥാർത്ഥ നിയന്ത്രണ രേഖയിലെ സംഭവങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് അമേരിക്ക വ്യക്തമാക്കി. യഥാർത്ഥ നിയന്ത്രണ രേഖയിൽ ചൈന സൈനിക വിന്യാസം വർധിപ്പിക്കുകയും സൈനിക നിർമാണങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. ഇന്തോ പസഫിക് മേഖലയിലെ യുഎസ് സഖ്യ കക്ഷികൾക്കും പങ്കാളികൾക്കും എതിരായ ചൈനയുടെ പ്രകോപനം വർദ്ധിച്ചു വരികയാണ്. സ്ഥിതി നിയന്ത്രണ വിധേയമാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് മുഴുവൻ പിന്തുണയും നൽകുന്നുവെന്ന് പെന്‍റഗണ്‍ വാർത്തകാര്യ സെക്രട്ടറി പാറ്റ് റൈഡർ പറഞ്ഞു. പങ്കാളികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പ്രതിബദ്ധത അമേരിക്കയ്ക്ക് ഉണ്ടെന്നും പാറ്റ് റൈഡർ വ്യക്തമാക്കി.

PREV
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം