
ഗൊരഖ്പൂർ: അമ്മയുടെ മൃതദേഹം മകൻ വീട്ടിൽ സൂക്ഷിച്ച് വെച്ചത് 5 ദിവസം. ഉത്തർപ്രദേശിലെ ഗുൽരിഹ പ്രദേശത്താണ് 45കാരനായ മകൻ അമ്മയുടെ മൃതശരീരം സൂക്ഷിച്ചു വെച്ചത്. അന്ത്യകർമങ്ങൾ നടത്താൻ പണമില്ലാത്തത് കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് മകൻ പറഞ്ഞതായി പൊലീസ് വെളിപ്പെടുത്തുന്നു. എന്നാൽ മദ്യപാനിയും മാനസിക അസ്വാസ്ഥ്യമുള്ളയാളുമാണ് ഇയാളെന്നും പൊലീസ് കൂട്ടിച്ചേർത്തു. വീടിനുള്ളിൽ നിന്നും ദുർഗന്ധം പുറത്തു വന്നതിനെ തുടർന്ന് അയൽവാസികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. അങ്ങനെയാണ് സംഭവം പുറലോകമറിഞ്ഞത്.
ശിവ്പൂർ ഷഹബാസ്ഗഞ്ച് പ്രദേശത്തുള്ള വീട്ടിൽ പൊലീസെത്തിയാണ് മൃതദേഹം കണ്ടെത്തിയത്. 82 വയസ്സുള്ള, റിട്ടയേർഡ് ഗവൺമെന്റ് അധ്യാപികയായ ശാന്തിദേവിയാണ് മരണപ്പെട്ടതെന്ന് അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് മനോജ് കുമാർ അവസ്തി പറഞ്ഞു. ''മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുള്ളതായി കാണപ്പെട്ടു. ശാന്തിദേവിയുടെ മകൻ നിഖിൽ മിശ്ര എന്ന ദബ്ബു മദ്യപാനിയും മാനസിക പ്രശ്നമുള്ളയാളുമാണ്. വീട്ടിൽ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് പറയാൻ അയാൾക്ക് കഴിഞ്ഞില്ല.'' എഎസ്പി വ്യക്തമാക്കി.
അഞ്ച് ദിവസം മുമ്പാണ് അമ്മ മരിച്ചത്. എന്നാൽ പണമില്ലാത്തത് കാരണം അന്ത്യകർമങ്ങൾ നടത്താൻ പണമില്ലെന്നുമായിരുന്നു ദബ്ബുവിന്റെ മറുപടി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി എടുക്കുമെന്നും എഎസ്പി പറഞ്ഞു. മരിച്ച ശാന്തിദേവിയുടെ ഏകമകനാണ് ദബ്ബു. ഇയാളുടെ ഭാര്യയും മകനും ഈ വീട്ടിലുണ്ടായിരുന്നു. എന്നാൽ വഴക്ക് പതിവായപ്പോൾ ഇവർ മകനെയും കൊണ്ട് മാതാപിതാക്കളുടെ അടുത്തേക്ക് പോയി. ഇവരുടെ വീടിന്റെ അടുത്ത് വാടകക്കാർ താമസിച്ചിരുന്നെങ്കിലും ദബ്ബുവിന്റെ ശല്യത്തെ തുടർന്ന് ഇവരും ഒരുമാസം മുമ്പ് വീടുവിട്ടുപോയി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
ചെക്കിപ്പള്ളത്തെ സുബൈദ കൊലപാതകം; ഒന്നാം പ്രതി കുറ്റക്കാരൻ, ഇന്ന് ശിക്ഷ വിധിക്കും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam