ഈശ്വരപ്പക്ക് എതിരെ ആരോപണമുന്നയിച്ച കരാറുകാരൻ മരിച്ചത് കേന്ദ്രമന്ത്രിയെ കാണാനിരിക്കെ

By Web TeamFirst Published Apr 14, 2022, 1:50 PM IST
Highlights

മന്ത്രിക്ക് എതിരെ കേന്ദ്രഗ്രാമവികസന മന്ത്രി ഗിരിരാജ് സിങ്ങിനെ കണ്ട് പരാതി നല്‍കാനുള്ള തയാറെടുപ്പിലായിരുന്നു സന്തോഷ്. ഹിന്ദു യുവവാഹിനി ദേശീയ സെക്രട്ടറിയായ സന്തോഷ് ബിജെപി നേതാക്കള്‍ വഴി കേന്ദ്രമന്ത്രിയുടെ സമയം തേടിയിരുന്നു. 

ബെംഗളൂരു: കര്‍ണാടക മന്ത്രി ഈശ്വരപ്പയുടെ  (k s eshwarappa)  രാജിക്കായി സമ്മര്‍ദ്ദം ശക്തമാകുന്നതിനിടെ കൂടുതല്‍ വെളിപ്പെടുത്തലുമായി മരിച്ച കരാറുകാരന്‍റെ കുടുംബം. കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിനെ നേരിട്ട് കണ്ട് പരാതി നല്‍കാന്‍ സന്തോഷ് ദില്ലിക്ക് ടിക്കറ്റ് എടുത്തിരുന്നു. കൂടിക്കാഴ്ച സമയം തേടിയതിന് പിന്നാലെയാണ് സന്തോഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതിഷേധങ്ങള്‍ അനാവശ്യമെന്നും രാജി വയ്ക്കില്ലെന്നുമുള്ള തീരുമാനത്തിലാണ് മന്ത്രി ഈശ്വരപ്പ. ഉഡുപ്പിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ റോഡ് നിര്‍മ്മാണ കരാറുകാരന്‍ സന്തോഷിനെ അറിയില്ലെന്നാണ് മന്ത്രിയുടെ നിലപാട്. എന്നാല്‍ നാല് കോടിയുടെ ബില്ല് പാസായി ലഭിക്കാന്‍ നിരവധി തവണ ഈശ്വരപ്പയുമായി സന്തോഷ് കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് കുടുംബം ചൂണ്ടികാട്ടുന്നു. കമ്മീഷനായി 15 ലക്ഷം രൂപ നല്‍കിയെങ്കിലും നാല്‍പ്പത് ശതമാനം ലഭിക്കാതെ അനുമതി നല്‍കില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടിയെന്ന് സന്തോഷ് വെളിപ്പെടുത്തിയിരുന്നു. 

മന്ത്രിക്ക് എതിരെ കേന്ദ്രഗ്രാമവികസന മന്ത്രി ഗിരിരാജ് സിങ്ങിനെ കണ്ട് പരാതി നല്‍കാനുള്ള തയാറെടുപ്പിലായിരുന്നു സന്തോഷ്. ഹിന്ദു യുവവാഹിനി ദേശീയ സെക്രട്ടറിയായ സന്തോഷ് ബിജെപി നേതാക്കള്‍ വഴി കേന്ദ്രമന്ത്രിയുടെ സമയം തേടിയിരുന്നു. ചൊവ്വാഴ്ച ദില്ലിക്ക് തിരിക്കാന്‍ ടിക്കറ്റ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ദുരൂഹസാഹചര്യത്തില്‍ സന്തോഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസ് റിപ്പോര്‍ട്ടെങ്കിലും കൊലപാതകമാണെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ആത്മഹത്യാപ്രേരണാ കുറ്റത്തിന് മന്ത്രിക്ക് എതിരെ കേസെടുത്തിരുന്നു. അറസ്റ്റ് ആവശ്യപ്പെട്ട് രാഷ്ട്രപതിയെ സമീപിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. നിയമസഭയിലേക്ക് നടത്തിയ കോണ്‍ഗ്രസ് മാര്‍ച്ച് പൊലീസ് തടഞ്ഞു. സുതാര്യമായ അന്വേഷണം നടക്കുമെന്ന് മന്ത്രിമാര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് സന്തോഷിന്‍റെ മൃതദേഹം കുടുംബം ഏറ്റുവാങ്ങി. വീട്ടുവളപ്പില്‍ സംസ്കരിച്ചു.

click me!