സ‍‍ർക്കാരിന്  നാണക്കേടുണ്ടാക്കുന്ന, അശ്ലീലമായ രീതിയിലാണ് റാവു പെരുമാറിയിരിക്കുന്നതെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. വളർത്ത് മകളും നടിയുമായ റന്യ റാവു ഉൾപ്പെട്ട സ്വ‍ർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടും റാവു വിവാദങ്ങളിൽ അകപ്പെട്ടിരുന്നു.

ബെംഗളൂരു: യുവതിയുമായി ഓഫീസിൽ അടുത്തിടപഴകുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെ കർണാടക സിവിൽ റൈറ്റ്സ് എൻഫോഴ്സ്മെന്റ് ഡിജിപി ആർ. രാമചന്ദ്ര റാവുവിന് സസ്പെൻഷൻ. ഡിജിപി ഓഫീസിൽനിന്നുള്ള അശ്ലീല വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. . രാമചന്ദ്ര റാവുവും ഒരു യുവതിയും ഓഫീസിൽ അടുത്തിടപഴകുന്നതും ചുംബിക്കുന്നതുമാണ് വീഡിയോയിലുള്ളത്. റാവുവിന്റെ പെരുമാറ്റം നിയമങ്ങൾ ലംഘിക്കുന്നതാണെന്നും, ഒരു സർക്കാർ ഉദ്യോഗസ്ഥന് യോജിച്ചതല്ലാത്തതും സർക്കാരിന് നാണക്കേടുണ്ടാക്കുന്നതുമായ അശ്ലീലമായ രീതിയിലാണ് റാവു പെരുമാറിയിരിക്കുന്നതെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. വളർത്ത് മകളും നടിയുമായ റന്യ റാവു ഉൾപ്പെട്ട സ്വ‍ർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടും രാമചന്ദ്ര റാവു നേരത്തെയും വിവാദങ്ങളിൽ അകപ്പെട്ടിരുന്നു.

റാവുവിന്‍റെ വളര്‍ത്ത് മകളും നടിയുമായ രന്യ റാവുവിനെ 2025 ല്‍ സ്വര്‍ണ കടത്തുകേസില്‍ റവന്യു ഇന്‍റലിജന്‍സ് അറസ്റ്റ് ചെയ്തിരുന്നു. 2025 മാർച്ച് മൂന്നിനാണ് ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് രാമചന്ദ്ര റാവുവിന്‍റെ വള‍ർത്ത് മകൾ രന്യ റാവു 14.8 കിലോ സ്വർണവുമായി പിടിയിലായത്. ദുബായിൽ നിന്ന് ബെംഗളൂരുവിലേക്ക് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടിച്ചെടുത്തത്. ഡിആർഐ അന്വേഷണത്തിൽ, ഒരു വർഷത്തിനിടെ രന്യ റാവു 30 തവണ ദുബായ് സന്ദർശിച്ചതായും ഓരോ കിലോ സ്വർണ്ണത്തിനും ഒരു ലക്ഷം രൂപ വീതം കമ്മീഷൻ ലഭിച്ചിരുന്നതായും കണ്ടെത്തി. 

12.56 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണ ബിസ്കറ്റുകളുമായാണ് രന്യ റാവു വിമാനത്താവളത്തിൽ വെച്ച് പിടിയിലായത്. കേസിൽ നടി രന്യ റാവുവിന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) 102 കോടി രൂപ പിഴ ചുമത്തിയിട്ടുണ്ട്. വിമാനത്താവളത്തിലെ പരിശോധന മറികടക്കാന്‍ സഹായിച്ചെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ രാമചന്ദ്രറാവുവിനെ നിര്‍ബന്ധിത അവധിയിൽ അയച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് രന്യയെ വിമാനത്താവളത്തിൽ നിന്നും പുറത്ത് കടത്താൻ സഹായിച്ചെന്നായിരുന്നു ഡിജിപിക്കെതിരായ കണ്ടെത്തൽ. അവധി കഴിഞ്ഞ് അടുത്തിടെയാണ് റാവു സര്‍വീസില്‍ തിരിച്ചെത്തിയത്. വരുന്ന മേയില്‍ വിരമിക്കാനിരിക്കെയാണ് അശ്ലീല വീഡിയോ പുറത്ത് വന്നത്.

കര്‍ണാടക പൊലീസ് സേനക്ക് ആകെ നാണക്കേടുണ്ടാക്കുന്നതായിരുന്നു പുറത്ത് വന്ന ദൃശ്യങ്ങള്‍. പൊലീസ് ആസ്ഥാനത്തെ ഓഫീസ് മുറിയില്‍ യുവതിക്കള്‍ക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. യൂണിഫോമില്‍ ഉള്ള റാവു യുവതികളെ ചുംബിക്കുന്നതും കെട്ടിപിടിക്കുന്നതുമാണ് ദൃശ്യങ്ങള്‍. ഓഫീസ് സമയത്ത് പലപ്പോഴായി രാമചന്ദ്ര റാവുവിന്‍റെ ക്യാബിനിലെത്തിയ യുവതികളോടൊപ്പമുള്ളതാണ് ദൃശ്യങ്ങൾ. ഓഫീസിനുള്ളില്‍ നിന്നുതന്നെ ചിത്രീകരിച്ച ദൃശ്യമാണിതെന്നാണ് പുറത്ത് വരുന്ന വിവരം. 

വിവിധ സമയങ്ങളില്‍ ഡിജിപിയും സ്ത്രീകളും അടുത്തിടപഴകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിവിധ ദൃശ്യങ്ങള്‍ കൂട്ടിച്ചേര്‍ത്തുള്ള 47 സെക്കന്‍ഡ് ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വീഡിയോയിൽ ഉള്ളത് ഓരേ ആള് തന്നെയാണോ എന്നത് വ്യക്തമല്ല. അതിനിടെ വീഡിയോ പുറത്തായതിന് പിന്നാലെ ആഭ്യന്തര മന്ത്രി ജി.പരമേശ്വരയുടെ വീട്ടിലെത്തിയ രാമചന്ദ്ര റാവുവിനെ കാണാൻ മന്ത്രി തയ്യാറായില്ല. വീഡിയോ വ്യാജമാണെന്നാണ് രാമചന്ദ്ര റാവുവിന്‍റെ വാദം. തന്‍റെ ചിത്രങ്ങളടക്കമുള്ള വീഡിയോ കണ്ട് ഞാൻ ഞെട്ടിപ്പോയിയെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ പരാതി നല്‍കുമെന്നും രാമചന്ദ്ര റാവു പറഞ്ഞു.