
ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിപക്ഷ പ്രതിഷേധം തുടരുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്രസർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും ഇന്ത്യയെ ഹൈജാക്ക് ചെയ്തുവെന്നും വോട്ട് മോഷണം നടത്തിയെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. അതേസമയം ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ധർണ നടത്താനായി പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു. ഇവരെ പൊലീസ് തടഞ്ഞേക്കുമെന്നാണ് വിവരം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഗ്യാനേഷ് കുമാറും ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും ചേർന്ന് ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച രാഹുൽ ഗാന്ധി, ഇവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും വ്യക്തമാക്കി. "ഏകദേശം 300 എംപിമാർക്ക് സമാധാനപരമായി പ്രതിഷേധിക്കണം. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി ഞങ്ങളെ അതിന് അനുവദിക്കുന്നില്ല. ആദ്യ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ വെച്ച് ഞങ്ങളെ തടഞ്ഞു. പിറ്റേന്ന് ജന്തർ മന്തറിന് സമീപവും തടഞ്ഞു. ഞങ്ങളുടെ ആളുകളെ മർദിച്ചു. നരേന്ദ്ര മോദിയും അമിത് ഷായും ഗ്യാനേഷ് കുമാറും മോഹൻ ഭാഗവതും ചേർന്ന് ക്രിമിനൽ ഗൂഢാലോചനയിലൂടെ ഇന്ത്യയെ ഹൈജാക്ക് ചെയ്യുകയാണ്. ഭരണഘടനയെ തകർക്കുകയും വോട്ട് മോഷണം നടത്തുകയും ചെയ്തു എന്നതാണ് യാഥാർത്ഥ്യം. ഇതിനെതിരെ നടപടിയുണ്ടാകും, അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. ഇതാണ് ഞങ്ങളുടെ ഗ്യാരണ്ടി"- രാഹുൽ ഗാന്ധി പറഞ്ഞു.
ബിജെപി സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും നല്ല ബുദ്ധി തോന്നാൻ രാജ്ഘട്ടിൽ പ്രാർഥന നടത്തുമെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുന ഖാർഗെ പറഞ്ഞു. അവരുടെ പ്രവൃത്തികൾ രാജ്യതാൽപര്യത്തിന് വിരുദ്ധമാണെന്ന് അവർ തിരിച്ചറിയണം. വോട്ട് മോഷണമായാലും വിലക്കയറ്റമായാലും യുവാക്കളുടെ പ്രശ്നങ്ങളായാലും അവർ ഉണ്ടാക്കിയ എല്ലാ പ്രതിസന്ധികളും ജനങ്ങൾക്ക് എതിരാണ്. നെഹ്‌റുവും ഗാന്ധിയും പട്ടേലും തുടങ്ങി മഹാരഥന്മാർ നേടിത്തന്ന സ്വാതന്ത്ര്യം തട്ടിയെടുക്കുകയാണെന്നും അത് നശിപ്പിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുകയാണെന്നും ഖാർഗെ കുറ്റപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam