കര്‍ഷക സമരത്തിന് പിന്നില്‍ രാമക്ഷേത്ര നിര്‍മാണത്തെ എതിര്‍ക്കുന്ന പ്രതിപക്ഷമെന്ന് യോഗി

By Web TeamFirst Published Dec 17, 2020, 9:00 PM IST
Highlights

കമ്മ്യൂണിസമെന്ന ആശയം ഒരിക്കലും സത്യമാകില്ല. രാജ്യത്തെ കര്‍ഷകരുടെ ജീവിതം മാറണമെന്ന് ആഗ്രഹിക്കാത്തവരാണ് രാജ്യത്തെ പ്രശ്‌നത്തിലാക്കുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. 

ബറേലി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തെ എതിര്‍ക്കുന്ന പ്രതിപക്ഷമാണ് കര്‍ഷക സമരത്തിന് പിന്നിലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബറേലിയില്‍ കര്‍ഷകരെ സംഘടിപ്പിച്ച് നടത്തിയ പരിപാടിയിലാണ് ആദിത്യനാഥിന്റെ പ്രസ്താവന. രാമക്ഷേത്ര നിര്‍മ്മാണം ഇഷ്ടപ്പെടാത്ത പ്രതിപക്ഷ നേതാക്കളാണ് കര്‍ഷക സമരത്തിന് ഇന്ധനം നല്‍കി രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നതെന്ന് യോഗി കുറ്റപ്പെടുത്തി.

ഇത്തരക്കാര്‍ക്ക് ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് എന്നത് ഇഷ്ടമല്ല. താങ്ങുവില എടുത്തുമാറ്റില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും ചിലര്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ്. രാമക്ഷേത്ര നിര്‍മ്മാണം ഇവര്‍ക്ക് സഹിക്കുന്നില്ല. പ്രധാനമന്ത്രി ക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കമിട്ടതില്‍ ഇവര്‍ക്ക് ദേഷ്യമുണ്ടെന്നും ആദിത്യനാഥ് പറഞ്ഞു. കര്‍ഷകരുടെ ഉന്നമനത്തിനായി പ്രധാനമന്ത്രിയുടെ ശ്രമത്തെയും അദ്ദേഹം അഭിനന്ദിച്ചു.

കമ്മ്യൂണിസമെന്ന ആശയം ഒരിക്കലും സത്യമാകില്ല. നിങ്ങള്‍ ഒരു നുണ നൂറുതവണ ആവര്‍ത്തിച്ചാല്‍ അത് സത്യമാകും. രാജ്യത്തെ കര്‍ഷകരുടെ ജീവിതം മാറണമെന്ന് ആഗ്രഹിക്കാത്തവരാണ് രാജ്യത്തെ പ്രശ്‌നത്തിലാക്കുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
 

click me!