ലോക്സഭ ചരിത്രത്തില്‍ നാലാം തവണ, ലോക്‌സഭാ സ്പീക്കർക്കെതിരെ പ്രതിപക്ഷത്തിന്‍റെ അവിശ്വാസ നോട്ടീസ്; 118 എംപിമാർ ഒപ്പുവച്ചു

Published : Feb 10, 2026, 01:41 PM ISTUpdated : Feb 10, 2026, 06:28 PM IST
Lok Sabha Speaker Om Birla

Synopsis

എന്‍ഡിഎ ഭരണത്തില്‍ ഇത് ആദ്യമായിട്ടാണ് സ്പീക്കർക്കെതിരെ അവിശ്വാസ നോട്ടീസ് നല്‍കുന്നത്. 118 എംപിമാരാണ് നോട്ടീസിൽ ഒപ്പുവെച്ചത്. എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കണം എന്ന കത്തും സ്പീക്കർക്ക് നല്‍കി.

ദില്ലി: ലോക്സഭ സ്പീക്കർ ഓം ബിർളയെ നീക്കാനുള്ള നോട്ടീസ് നല്‍കി പ്രതിപക്ഷം. അസാധാരണ സാഹചര്യത്തിൽ അസാധാരണ നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് വ്യക്തമാക്കിയാണ് അവിശ്വാസ നോട്ടീസ് നല്‍കിയത്. തൃണമൂൽ കോൺഗ്രസും എൻസിപി ശരദ്പവാർ വിഭാഗവും നോട്ടീസിൽ ഒപ്പുവെച്ചില്ല. ബജറ്റ് ചർച്ച നടക്കണമെന്ന സഖ്യകക്ഷികളുടെ നിർദ്ദേശത്തിന് വഴങ്ങി പാർലമെൻ്റ് ലോക്സഭ നടപടികളുമായി കോൺഗ്രസ് സഹകരിച്ചു.

ജനറൽ എംഎം നരവനെയുടെ പുസ്തകം, എംപിമാരുടെ സസ്പെൻഷൻ തുടങ്ങിയ വിഷയങ്ങൾ ബജറ്റ് ചർച്ചയ്ക്ക് തൊട്ടുമുമ്പ് ഉന്നയിക്കാൻ രാഹുൽ ഗാന്ധിയെ അനുവദിക്കണം എന്നതായിരുന്നു കോൺഗ്രസിൻ്റെ ആവശ്യം. ഇക്കാര്യത്തിൽ നിലപാട് ഇന്നറിയിക്കാം എന്നാണ് സർക്കാരും സ്പീക്കറും വ്യക്തമാക്കിയത്. ബജറ്റ് ആദ്യം നടക്കട്ടെ എന്ന നിലപാടിൽ സർക്കാർ ഉറച്ച് നിന്നു. ഇതോടെയാണ് ഒരു മണിക്ക് കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷും സിപിഎം നേതാവ് കെ രാധാകൃഷ്ണനും അടക്കം കക്ഷി നേതാക്കൾ ലോക്സഭ സെക്രട്ടറി ജനറലിനെ കണ്ട് സ്പീക്കറെ നിക്കാനുള്ള നോട്ടീസ് നല്‍കിയത്. 117 എംപിമാർ നോട്ടീസിൽ ഒപ്പുവെച്ചു. അസാധാരണ സാഹചര്യത്തിൽ അസാധാരണ നടപടി എന്നായിരുന്നു കോൺഗ്രസ് വിശദീകരണം. പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കാത്തത് സഭാ മര്യാദകളുടെ ലംഘനമെന്ന് നോട്ടീസിൽ പറയുന്നു. എട്ട് എംപിമാരെ ബജറ്റ് സമ്മേളനം തീരും വരെ സസ്പെൻഡ് ചെയ്തതും കാരണമായി ചൂണ്ടിക്കാട്ടുന്നു.

സ്പീക്കർക്ക് കുറച്ചുകൂടി സമയം നല്‍കണം എന്ന് ചൂണ്ടിക്കാട്ടിയാണ് തൃണമൂൽ കോൺഗ്രസും എൻസിപിയും മാറി നിന്നത്. ബജറ്റ് ചർച്ച നടക്കണം എന്ന നിലപാടാണ് രാവിലെ ചേർന്ന ഇന്ത്യ സഖ്യ യോഗത്തിൽ ഉയർന്നത്. ഈ സാഹചര്യത്തിലാണ് സ്പീക്കർക്കെതിരായ നോട്ടീസ് നല്കിയ ശേഷം ആദ്യം രാഹുൽ സംസാരിക്കണം എന്ന നിലപാടിൽ നിന്ന് കോൺഗ്രസ് പിൻവാങ്ങിയത്. സ്പീക്കറുടെ നിലപാടിനെ വിമർശിച്ച് ഇന്നലെ കോൺഗ്രസിലെ വനിതാ എംപിമാർ കത്ത് നൽകിയിരുന്നു. ഇതിനെതിരെ എൻഡിഎയിെല എംപിമാർ സ്പീക്കർക്ക് നൽകിയ കത്തിൽ പ്രതിപക്ഷം പ്രധാനമന്ത്രിയുടെ സീറ്റ് ഘരാവോ ചെയ്തെന്ന് ആരോപിച്ചു. ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ലോക്സഭയ്ക്ക് അകത്തെ ദൃശ്യങ്ങൾ പുറത്തു വിടുകയും ചെയ്തു.

ബജറ്റ് ചർച്ചയിൽ പങ്കെടുക്കുന്ന രാഹുൽ ഗാന്ധി നന്ദിപ്രമേയ ചർച്ചയിൽ താൻ പറയാനുദ്ദേശിച്ചിരുന്ന വിഷയങ്ങൾ ഉയർത്താനാണ് സാധ്യത. സ്പീക്കർക്കെതിരായ പ്രമേയം നോട്ടീസ് നല്‍കി രണ്ടാഴ്ചയ്ക്ക് ശേഷമാണ് സഭയിൽ വരേണ്ടത് എന്നതിനാൽ ഇപ്പോഴത്തെ തർക്കം ബജറ്റ് സമ്മേളനത്തിൻ്റെ രണ്ടാം ഘട്ടത്തിലേക്ക് നീളാനാണ് സാധ്യത.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബെംഗളൂരുവിൽ പട്ടാപ്പകൽ കവർച്ച: സ്ത്രീയുടെ കഴുത്തിൽ നിന്ന് 9 പവൻ്റെ സ്വർണമാല പൊട്ടിച്ചെടുത്ത് യുവാക്കൾ
പശ്ചിമേഷ്യൻ യുദ്ധം: സൗദി കീരിടാവകാശിയുമായി സംസാരിച്ച് നരേന്ദ്രമോദി, ഊർജ്ജ കേന്ദ്രങ്ങളിലേക്കുള്ള ആക്രമണത്തെ അപലപിച്ചു