
പറ്റ്ന: ബിഹാറിലെ സർക്കാർ ആശുപത്രികളുടെ ശോച്യാവസ്ഥ ബജറ്റ് സമ്മേളനത്തിൽ ചർച്ചയാക്കി മൈഥിലി താക്കൂർ എന്ന യുവ ബിജെപി എംഎൽഎ. തന്‍റെ മണ്ഡലത്തിലെ സർക്കാർ ആശുപത്രിയുടെ ദുരവസ്ഥയെക്കുറിച്ച് ആരോഗ്യ മന്ത്രി മംഗൾ പാണ്ഡെയോട് മൈഥിലി ചോദ്യങ്ങൾ ഉന്നയിച്ചു. മന്ത്രിയുടെ മറുപടിയിൽ അതൃപ്തി പ്രകടിപ്പിച്ച മൈഥിലി, രൂക്ഷമായ ചോദ്യങ്ങളാണ് പിന്നീട് സഭയിൽ ഉന്നയിച്ചത്.
സ്വന്തം പാർട്ടിയിലെ മന്ത്രിയെത്തന്നെ പ്രതിക്കൂട്ടിലാക്കിയ യുവ എംഎൽഎയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. മിഥിലാഞ്ചലിൽ നിന്നുള്ള ഗായികയാണ് മൈഥിലി താക്കൂർ. അലിനഗറിൽ നിന്നാണ് എംഎൽഎ ആയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളിൽ പ്രചോദനം ഉൾക്കൊണ്ടാണ് താൻ രാഷ്ട്രീയത്തിൽ ഇറങ്ങിയതെന്ന് മൈഥിലി പറഞ്ഞിരുന്നു.
തന്‍റെ മണ്ഡലത്തിലെ ആശുപത്രി കെട്ടിടം ഏതു നിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലാണെന്ന് മൈഥിലി ചോദ്യോത്തര വേളയിൽ ചൂണ്ടിക്കാട്ടി. കെട്ടിടത്തിന്‍റെ മേൽക്കൂരയിൽ നിന്ന് സിമന്റ് പാളികൾ അടർന്നുവീഴുന്നുവെന്നും ചുവരുകളിൽ വലിയ വിള്ളലുകൾ രൂപപ്പെട്ടെന്നും മഴക്കാലത്ത് വാർഡുകൾക്കുള്ളിൽ വെള്ളം ഒലിച്ചിറങ്ങാറുണ്ടെന്നും മൈഥിലി വിവരിച്ചു. ഇത്തരമൊരു അവസ്ഥയിൽ ഗർഭിണികളും കുട്ടികളും അടക്കമുള്ള രോഗികളെ അവിടെ ചികിത്സിക്കുന്നത് ജീവന് നേരിട്ടുള്ള ഭീഷണിയാണെന്ന് മൈഥിലി പറഞ്ഞു.
"മന്ത്രിയുടെ മറുപടിയിൽ ഞാൻ പൂർണ സംതൃപ്തയല്ല. കെട്ടിടം മോശം അവസ്ഥയിലല്ലെന്നും അറ്റകുറ്റപ്പണികൾ നടത്തിയാൽ മതിയെന്നുമാണ് മറുപടിയിൽ പറയുന്നത്. എന്നാൽ ഞാൻ നേരിട്ട് കണ്ട കാഴ്ച അതല്ല. ഒരു ചെറിയ മുറിയിലാണ് നിലവിൽ ആരോഗ്യ സംവിധാനം പ്രവർത്തിക്കുന്നത്. അവിടെ എംബിബിഎസ് ഡോക്ടർമാരില്ല. മുൻപ് രണ്ട് പേരുണ്ടായിരുന്നു, ഇപ്പോൾ ഒരാൾ പോലുമില്ല"- മൈഥിലി വിശദീകരിച്ചു.
സർക്കാർ ഓരോ വർഷവും ആരോഗ്യ മേഖലയ്ക്കുള്ള ബജറ്റ് വർദ്ധിപ്പിക്കുമ്പോഴും എന്തുകൊണ്ടാണ് ആശുപത്രികളുടെ അവസ്ഥ മെച്ചപ്പെടാത്തതെന്ന് മൈഥിലി ചോദിച്ചു. മരുന്നുകളുടെയും ഡോക്ടർമാരുടെയും കുറവ് ഒരു വശത്ത്. എപ്പോൾ വേണമെങ്കിലും തകർന്നു വീഴാവുന്ന കെട്ടിടങ്ങൾ അതിലും വലിയ ഭീഷണിയാണെന്ന് മൈഥിലി പറഞ്ഞു. പുതിയ കെട്ടിടങ്ങൾ പണിയാൻ വലിയ അപകടം സംഭവിക്കുന്നത് വരെ സർക്കാർ കാത്തിരിക്കുകയാണോ എന്നും മൈഥിലി ചോദിച്ചു.
"ഞാൻ മന്ത്രിയെ ചോദ്യം ചെയ്യുകയല്ല, മറിച്ച് അഭ്യർത്ഥിക്കുകയാണ്. ഞാൻ വളരെ ചെറിയ കുട്ടിയായിരുന്ന കാലം മുതൽക്കേ അദ്ദേഹത്തെ ആരോഗ്യ മന്ത്രിയായി കാണുന്നുണ്ട്. അതുകൊണ്ട് ജനതാൽപ്പര്യം മുൻനിർത്തി ഈ പ്രശ്നത്തിന് അദ്ദേഹം പരിഹാരം കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു"- മൈഥിലി പറഞ്ഞു.
ആശുപത്രി കെട്ടിടങ്ങളുടെ കാര്യത്തിൽ പലയിടങ്ങളിലും പുതിയ കെട്ടിടങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ടെന്നും നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ആരോഗ്യ മന്ത്രി മറുപടി നൽകി. അതീവ ശോച്യാവസ്ഥയിലുള്ള കെട്ടിടങ്ങൾ ഘട്ടം ഘട്ടമായി നവീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ മന്ത്രിയുടെ ഈ മറുപടിയിലും മൈഥിലി തൃപ്തയായില്ല. തന്റെ പ്രദേശത്തെ ആശുപത്രി വർഷങ്ങളായി ഈ പട്ടികയിലുണ്ടെന്നും എന്നാൽ ഇതുവരെ നവീകരണ പ്രവർത്തനങ്ങളൊന്നും ആരംഭിച്ചിട്ടില്ലെന്നും മൈഥിലി ഉടൻ പ്രതികരിച്ചു. ഓരോ വർഷവും പദ്ധതികളെക്കുറിച്ചും അനുമതിയെക്കുറിച്ചും സംസാരിക്കുകയല്ലാതെ താഴെത്തട്ടിൽ യാതൊരു മാറ്റവുമില്ലെന്ന് എംഎൽഎ കുറ്റപ്പെടുത്തി.
മൈഥിലിയുടെ തുടർച്ചയായ ചോദ്യങ്ങൾ സഭയെ അല്പനേരം ചൂടുപിടിപ്പിച്ചു. പ്രതിപക്ഷ അംഗങ്ങൾ മേശപ്പുറത്ത് തട്ടി അവരെ പിന്തുണച്ചപ്പോൾ ഭരണപക്ഷത്തെ ചില അംഗങ്ങൾ അസ്വസ്ഥരായി കാണപ്പെട്ടു. ഒടുവിൽ സ്പീക്കർ ഇടപെട്ടാണ് ചർച്ച തുടർന്നത്. സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതോടെ എം.എൽ.എയ്ക്ക് അഭിനന്ദനപ്രവാഹമാണ്. ബിഹാറിലെ പല ജില്ലകളിലും സർക്കാർ ആശുപത്രികളുടെ അവസ്ഥ സമാനമാണെന്നും ബജറ്റ് സമ്മേളനത്തിൽ ഈ വിഷയം ഉന്നയിച്ചതിലൂടെ ഉചിതമായ നടപടി ഉണ്ടാകുമെന്ന് കരുതുന്നുവെന്നും കമന്‍റുകൾ വന്നു. ബിഹാറിൽ മാത്രമല്ല, രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഇത്തരം അവസ്ഥകൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ടെന്ന് സാമൂഹിക മാധ്യമങ്ങളിൽ അഭിപ്രായം ഉയർന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam