Presidential Election 2022 : യശ്വന്ത് സിൻഹ നാമനിർദേശ പത്രിക സമർപ്പിച്ചു

By Web TeamFirst Published Jun 27, 2022, 1:21 PM IST
Highlights

യശ്വന്ത് സിൻഹയെ പിന്തുണയ്ക്കുന്നത് 12 പ്രതിപക്ഷ പാർട്ടികൾ, നിലപാട് വ്യക്തമാക്കാതെ ജെഎംഎം, പത്രികാ സമർപ്പണത്തിൽ നിന്ന് വിട്ടുനിന്നു

ദില്ലി: പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പത്രികാ സമര്‍പ്പണം. രാഹുല്‍ഗാന്ധി, ശരദ് പവാര്‍, അഖിലേഷ് യാദവ്, സീതാറാം യെച്ചൂരി, ഡി,രാജ തുടങ്ങിയ നേതാക്കള്‍ക്കൊപ്പമാണ് യശ്വന്ത് സിന്‍ഹ പത്രിക സമര്‍പ്പിക്കാനെത്തിയത്. ഇന്ന് പിന്തുണ പ്രഖ്യാപിച്ച ടിആര്‍എസിന്‍റെ പ്രതിനിധിയും പത്രികാ സമര്‍പ്പണത്തിനെത്തി. അതേസമയം ജെഎംഎം പത്രികാ സമര്‍പ്പണ ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. പന്ത്രണ്ടേ കാലോടെ യശ്വന്ത് സിന്‍ഹ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

കോണ്‍ഗ്രസ്, ടിഎംസി, സമാജ്‍വാദി പാര്‍ട്ടി, ശിവസേന, ഇടത് പാര്‍ട്ടികൾ എന്നിവരടക്കം 12 കക്ഷികളാണ് യശ്വന്ത് സിന്‍ഹയ്ക്ക് പിന്തുണ അറിയിച്ചിരിക്കുന്നത്. ബിഎസ്പി, എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസുമായി ജാര്‍ഖണ്ഡില്‍ സഖ്യത്തിലുള്ള ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (JMM) നിലപാട് ഇനിയും വ്യക്തമാക്കിയിട്ടില്ല. ജാര്‍ഖണ്ഡിന് പുറമെ ഒഡീഷയിലും സ്വാധീനമുള്ള പാര്‍ട്ടിയുടെ വോട്ട് ബാങ്കുകളിലൊന്ന് സാന്താള്‍ ഗോത്ര വര്‍ഗമാണ്. ദ്രൗപദി മുര്‍മു സാന്താള്‍ ഗോത്ര വിഭാഗത്തെ പ്രതിനിധീകരിക്കുന്നതാണ് ജെഎംഎമ്മിനെ സമ്മര്‍ദ്ദത്തിലാക്കുന്നത്. ഖനന ഇടപാടുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഹേമന്ത് സോറനെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നോട്ടമിട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും ജെഎംഎമ്മിനെ പിന്നോട്ടടിക്കുന്നുണ്ട്.  

click me!