
ഭുവനേശ്വര്‍: പാലത്തിന് അടിയില്‍ കുടുങ്ങിയ ആനയെ രക്ഷിക്കാനുള്ള ശ്രമം റിപ്പോര്‍ട്ട് ചെയ്യുന്നതിനെ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ഒഡീഷയിലെ ഒടിവി റിപ്പോര്‍ട്ടര്‍ അരിന്ദം ദാസ് ആണ് മരണപ്പെട്ടത്. മുണ്ടാലിയിലെ മഹാനദിയിലായിരുന്നു സംഭവം. ആനയെ രക്ഷപ്പെടുത്താന്‍ നദിയില്‍ ഇറങ്ങിയ ഒറീസ ദുരന്ത നിവാരണ സേനയുടെ ബോട്ടിലാണ് അരിന്ദം ദാസും ക്യാമറമാനും ഉണ്ടായിരുന്നത്. ഈ ബോട്ട് ആനയ്ക്ക് അടുത്ത് എത്താനുള്ള ശ്രമത്തിനിടെ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു.
മുണ്ടാലിയില്‍ വെള്ളിയാഴ്ച രാവിലെ മഹാനദി മുറിച്ചു കടക്കാന്‍ ശ്രമിക്കവെയാണ് ഏഴ് ആനകള്‍ വെള്ളത്തില്‍ ഒലിച്ചുപോയത്. ഇതില്‍ ഒരു കൊമ്പന്‍ മുണ്ടാലി പാലത്തിന് അടിയില്‍ കുടുങ്ങി. ബാക്കി ആനകള്‍ കട്ടക്ക് ജില്ലയിലെ അത്താഗഢ് ബ്ലോക്കിലെ നൂആസാനില്‍ കരയ്ക്കടുത്തു.
തുടര്‍ന്ന് പാലത്തിന് അടിയില്‍ കുടുങ്ങിയ കൊമ്പനെ രക്ഷിക്കാന്‍ ഒഡീഷ ദുരന്ത നിവാരണ സേന ദൗത്യം ആരംഭിച്ചു. നദിയില്‍ ഇവര്‍ ആനയ്ക്ക് അടുത്ത് എത്തിയ ബോട്ടില്‍ അരിന്ദം ദാസ് അടക്കം ഏഴുപേരാണ് ഉണ്ടായത്. തുടര്‍ന്ന് കൊമ്പന്‍റെ അടുത്ത് എത്താനുള്ള ശ്രമത്തില്‍ റബ്ബര്‍ ബോട്ട് നിയന്ത്രണം വിട്ട് കീഴ്മേല്‍ മറിയുകയായിരുന്നു. ഇതോടെ ബോട്ടിലുണ്ടായിരുന്നവര്‍ വെള്ളത്തില്‍ മുങ്ങി. ഇതോടെ വെള്ളത്തില്‍ വീണവരെ രക്ഷിക്കുന്നതിന് ദുരന്ത നിവാരണ സേന അംഗങ്ങള്‍ എത്തി. അരിന്ദം ദാസിനെയും, ക്യാമറമാനെയും കരയ്ക്ക് എത്തിച്ചപ്പോള്‍ അവരുടെ നില ഗുരുതരമായിരുന്നു.
എസ്.സി.ബി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും അരിന്ദം ദാസിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. ക്യാമറമാന്‍ അപകടനില തരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ ഇപ്പോഴും ഐസിയുവില്‍ തുടരുകയാണ്. മൂന്ന് ദുരന്ത നിവാരണ സേന അംഗങ്ങളും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam