അറുപത് വർഷത്തിന് ശേഷം വ്യോമസേനയ്ക്ക് പുതിയ ചിറകുകൾ; 56 C-295MW വിമാനങ്ങൾ വാങ്ങാൻ കരാറൊപ്പിട്ടു

By Web TeamFirst Published Sep 24, 2021, 6:28 PM IST
Highlights

ഇന്ത്യൻ വ്യോമസേനയ്ക്കായി 56 C-295MW യാത്രാ വിമാനങ്ങൾ വാങ്ങുന്നതിനായി സ്പെയിനിലെ  എയർബസ് ഡിഫൻസ് ആൻഡ് സ്പേസുമായിപ്രതിരോധ  മന്ത്രാലയം കരാർ ഒപ്പിട്ടു. ഓഫ്‌സെറ്റ് പങ്കാളികളായ  ഇന്ത്യൻ സംരംഭകരിൽ നിന്ന് ഉൽ‌പ്പന്നങ്ങളും സേവനങ്ങളും നേരിട്ട് സംഭരിക്കുന്നതിലൂടെ ഓഫ്‌സെറ്റ് ബാധ്യതകൾ നിറവേറ്റുന്നതിനുള്ള ഒരു ഓഫ്‌സെറ്റ് കരാറും ഇതിനോടൊപ്പം ഒപ്പുവച്ചിട്ടുണ്ട്

ദില്ലി:  ഇന്ത്യൻ വ്യോമസേനയ്ക്കായി 56 C-295MW യാത്രാ വിമാനങ്ങൾ വാങ്ങുന്നതിനായി സ്പെയിനിലെ  എയർബസ് ഡിഫൻസ് ആൻഡ് സ്പേസുമായിപ്രതിരോധ  മന്ത്രാലയം കരാർ ഒപ്പിട്ടു. ഓഫ്‌സെറ്റ് പങ്കാളികളായ  ഇന്ത്യൻ സംരംഭകരിൽ നിന്ന് ഉൽ‌പ്പന്നങ്ങളും സേവനങ്ങളും നേരിട്ട് സംഭരിക്കുന്നതിലൂടെ ഓഫ്‌സെറ്റ് ബാധ്യതകൾ നിറവേറ്റുന്നതിനുള്ള ഒരു ഓഫ്‌സെറ്റ് കരാറും ഇതിനോടൊപ്പം ഒപ്പുവച്ചിട്ടുണ്ട്. ഈ മാസം ആദ്യം ചേർന്ന സുരക്ഷ കാര്യങ്ങൾക്കായുള്ള കാബിനറ്റ് സമിതി യോഗം ഇതിന് അംഗീകാരം നൽകിയിരുന്നു.

ഇന്ത്യൻ വ്യോമസേനയുടെ ഗതാഗത സംവിധാനം  ആധുനികവൽക്കരിക്കുന്നതിൽ ഒരു സുപ്രധാന ചുവടുവെപ്പായിരിക്കും C-295MW യുടെ വരവ്. ആധുനിക സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന  5-10 ടൺ ശേഷിയുള്ള ഗതാഗത വിമാനമാണിത്. ഇന്ത്യൻ വ്യോമസേനയുടെ  കാലപ്പഴക്കം ചെന്ന അവ്രോ ഗതാഗത വിമാനത്തിന് പകരമായാണ് ഇത്  സേനയുടെ ഭാഗമാകുന്നത്. 

പൂർണ്ണ സജ്ജമായ റൺവേ ആവശ്യമില്ലാത്ത എയർ സ്ട്രിപ്പുകളിൽ പ്രവർത്തിക്കാൻ കഴിയുന്ന ഈ വിമാനം അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിനും  സൈന്യത്തിന്റെയും ചരക്കുകളുടെയും നീക്കങ്ങൾക്കും പ്രയോജനപ്രദമാണ്. പാരാ ഡ്രോപ്പിംഗിനായി പിൻഭാഗത്ത് റാമ്പ് ഡോർ ഇതിലുണ്ട്. വ്യോമസേനയുടെ,പ്രത്യേകിച്ച് വടക്ക്, വടക്കുകിഴക്കൻ മേഖലയിലും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും തന്ത്രപരമായ എയർലിഫ്റ്റ് ശേഷി വർദ്ധിക്കാൻ ഈ വിമാനം പ്രയോജനപ്രദമാണ്.

56 -ൽ നാൽപ്പത് വിമാനങ്ങൾ ടാറ്റ കൺസോർഷ്യം ഇന്ത്യയിൽ നിർമ്മിക്കും. കരാർ ഒപ്പിട്ട് പത്ത് വർഷത്തിനുള്ളിൽ എല്ലാ വിമാനങ്ങളും കൈമാറും. 56 വിമാനങ്ങളിലും തദ്ദേശീയ ഇലക്ട്രോണിക് വാർഫെയർ സ്യൂട്ട് സ്ഥാപിക്കും. ഡെലിവറി പൂർത്തിയായ ശേഷം, ഇന്ത്യയിൽ നിർമ്മിക്കുന്ന  വിമാനങ്ങൾ കേന്ദ്രസർക്കാർ അംഗീകരിക്കുന്ന രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും കഴിയും. 

ഈ പദ്ധതി രാജ്യത്തെ വ്യോമഗതാഗതത്തിന് ഊർജ്ജം പകരും. രാജ്യത്തെ ഒട്ടേറെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ വിമാനഭാഗങ്ങളുടെ നിർമ്മാണത്തിൽ ഏർപ്പെടും. ഹാംഗറുകൾ, കെട്ടിടങ്ങൾ, ഏപ്രണുകൾ, ടാക്സി വേ എന്നീ അടിസ്ഥാന സൗകര്യ വികസനവും പദ്ധതിയിൽ ഉൾപ്പെടും.

click me!