
ഗുവാഹത്തി: പുറത്തുനിന്നുള്ളവര്‍ മേഘാലയയില്‍ പ്രവേശിക്കുന്നതിന് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതിനായി മേഘാലയ റസിഡന്റ്‌സ് സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി നിയമത്തിൽ ഭേദഗതി വരുത്തി. ഇതുപ്രകാരം 24 മണിക്കൂറില്‍ കൂടുതല്‍ മേഘാലയയില്‍ ചെലവഴിക്കാൻ നിര്‍ബന്ധമായും രജിസ്‌റ്റർ ചെയ്തിരിക്കണം.
സംസ്ഥാനത്തെ ഗോത്രവര്‍ഗക്കാരുടെ താല്‍പര്യം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഭേദഗതിക്ക് അംഗീകാരം നല്‍കിയതെന്ന് മേഘാലയ ഉപമുഖ്യമന്ത്രി പ്രിസ്‌ടോണ്‍ ടിന്‍സോങ് പറഞ്ഞു. നിയമത്തിലെ ഭേദഗതി ഉടന്‍ നിലവില്‍ വരുമെന്നും അടുത്ത നിയമസഭാ സമ്മേളനത്തില്‍ പാസാക്കുമെന്നും ടിന്‍സോങ് കൂട്ടിച്ചേർത്തു.
വിനോദ സഞ്ചാരം, തൊഴിൽ, വ്യാപാരം തുടങ്ങിയ ഉദ്ദേശ്യത്തോടെ മേഘാലയ സന്ദർശിക്കാനെത്തുന്നവർക്കാണ് രജിസ്ട്രേഷൻ നിർബന്ധമാക്കിയത്. മേഘാലയക്കാരല്ലാത്ത എല്ലാ ആളുകളും സര്‍ക്കാരിന് രേഖകകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ഭേദഗതി മേഘാലയയിലുള്ള സ്ഥിരം താമസക്കാർക്ക് ബാധകമല്ല. നിയമം ലംഘിച്ച് കടക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കേന്ദ്ര-സംസ്ഥാന-ജില്ലാ കൗണ്‍സില്‍ ജീവനക്കാരെ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അനധികൃത കുടിയേറ്റം തടയുക എന്ന ലക്ഷ്യത്തോടെ 2016ലെ കോൺഗ്രസ് സർക്കാരാണ് മേഘാലയ റസിഡന്റ്‌സ് സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി ആക്ട് (എംആർഎസ്എസ്എ) പാസാക്കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam