ഇന്ത്യയെ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കുപ്പത്തൊട്ടിയാക്കി പാക്കിസ്ഥാനും ബംഗ്ലാദേശും

By Web TeamFirst Published Aug 1, 2019, 12:30 PM IST
Highlights

ഇന്ത്യയിലേക്കെത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളിൽ പാതിയും പാക്കിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും. അമേരിക്കയടക്കം 25 ഓളം വിദേശരാജ്യങ്ങളിൽ നിന്നാണ് ബാക്കി വരുന്നത്

ദില്ലി: ഇന്ത്യയിലെ പ്ലാസ്റ്റിസ് സംസ്‌കരണ, പുനരുൽപ്പാദന കമ്പനികളിലേക്ക് ഇറക്കുമതി ചെയ്യുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്നതായി റിപ്പോർട്ട്. ഇത് ഇന്ത്യയിൽ അതീവ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായാണ് റിപ്പോർട്ട്.

സർക്കാരേതര സംഘടനയായ പണ്ഡിറ്റ് ദീൻദയാൽ ഉപാദ്ധ്യായ് സ്‌മൃതി മഞ്ചാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിനും ഈ വർഷം ഫെബ്രുവരി മാസത്തിനും ഇടയിൽ നടത്തിയ പഠനത്തിന്റെ റിപ്പോർട്ടാണ് പുറത്തുവന്നത്. 25 ഓളം വിദേശരാജ്യങ്ങളിൽ നിന്ന് 1.21 ലക്ഷം മെട്രിക് ടൺ പ്ലാസ്റ്റികാണ് കമ്പനികൾ ഇറക്കുമതി ചെയ്തത്. 19000 മെട്രിക് ടൺ പ്ലാസ്റ്റികും ചെന്നുചേർന്നത് രാജ്യതലസ്ഥാനമായ ദില്ലിയിലാണ്.  

പാക്കിസ്ഥാനും ബംഗ്ലാദേശുമാണ് 55000 മെട്രിക് ടൺ പ്ലാസ്റ്റിക് മാലിന്യവും ഇന്ത്യയിലേക്ക് തള്ളുന്നത്. ഇതിന് പുറമെ അമേരിക്കയടക്കം 25 ഓളം വിദേശരാജ്യങ്ങളിൽ നിന്നാണ് അവശേഷിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ എത്തുന്നത്. അക്ഷരാർത്ഥത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളാനുള്ള കുപ്പത്തൊട്ടിയാക്കി ഇന്ത്യയെ മാറ്റുകയാണ് ഈ രാഷ്ട്രങ്ങളെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

വളരെ തന്ത്രപരമായാണ് ഈ രാജ്യങ്ങളിൽ നിന്ന് ഇന്ത്യൻ കമ്പനികൾ മാലിന്യങ്ങൾ ഇറക്കുമതി ചെയ്യുന്നത്. ഇവയിൽ അപകടകാരിയെന്ന് കണ്ടെത്തിയ പിഇടി പ്ലാസ്റ്റിക് ബോട്ടിലുകൾ വരെയുണ്ട്. കുപ്പികളടക്കമുള്ളവ അടിച്ചുപരത്തി ഷീറ്റുകൾ പോലെയാക്കിയാണ് ഇറക്കുമതി ചെയ്യുന്നത്. ഇതിൽ നല്ലൊരു ശതമാനം സംസ്‌കരിക്കപ്പെടാതെ പോകുന്നത് ഇന്ത്യയിലെ ഭൂമിയിലും സമുദ്രത്തിലും വലിയ തോതിലുള്ള പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.

click me!