ബിജെപിയെ തച്ചുതകര്‍ത്ത വിജയം; എഎപിയിലേക്ക് ആളുകളുടെ ഒഴുക്ക്, റിപ്പോര്‍ട്ട്

By Web TeamFirst Published Feb 13, 2020, 6:18 PM IST
Highlights

രാജ്യത്ത് മുഴുവനുമായി 24 മണിക്കൂര്‍ കൊണ്ട് പത്തു ലക്ഷത്തിന് മുകളില്‍ ആളുകളാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് ആം ആദ്മി അവകാശപ്പെട്ടു

ദില്ലി: ദില്ലി നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ശക്തമായ പ്രചാരണങ്ങളെയും മറികടന്ന് മിന്നുന്ന വിജയം നേടിയതിന് പിന്നാലെ ആം ആദ്മി പാര്‍ട്ടിയിലേക്ക് ആളുകളുടെ ഒഴുക്ക്. രാജ്യത്ത് മുഴുവനുമായി 24 മണിക്കൂര്‍ കൊണ്ട് പത്തു ലക്ഷത്തിന് മുകളില്‍ ആളുകളാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് ആം ആദ്മി അവകാശപ്പെട്ടു.

പാര്‍ട്ടിയില്‍ ചേരണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കായി മിസ് കോള്‍ നല്‍കുന്നതിനുള്ള നമ്പര്‍ ആം ആദ്മി പുറത്ത് വിട്ടിരുന്നു. ഇതിന് ശേഷമാണ് പത്തുലക്ഷത്തിന് മുകളില്‍ ആളുകള്‍ പാര്‍ട്ടിയിലേക്കെത്തിയതായി ആം ആദ്മി ട്വീറ്റ് ചെയ്തത്, മറ്റൊരു ട്വീറ്റില്‍ 11 ലക്ഷം പേര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതായും ആം ആദ്മി പറയുന്നു. 70ല്‍ 62 സീറ്റും സ്വന്തമാക്കിയാണ് രാജ്യതലസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തിയത്.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ബിജെപി എഎപിക്കെതിരെ കടുത്ത ആരോപണങ്ങളാണ് ഉയര്‍ത്തിയിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രിമാര്‍, ബിജെപി ഭരണ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ പ്രചാരണങ്ങള്‍ക്കായി ദില്ലിയില്‍ എത്തിയിരുന്നു.

എന്നാല്‍, 2015ലെ മൂന്ന് സീറ്റുകളില്‍ നിന്ന് എട്ടിലേക്കെത്താന്‍ മാത്രമാണ് പാര്‍ട്ടിക്ക് സാധിച്ചത്. ബിജെപിയുടെ വിദ്വേഷ പ്രചാരണങ്ങളെ മറികടക്കാനായി വികസനം, വെള്ളം, വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉടനീളം ആം ആദ്മി ഉയര്‍ത്തിയത്. ഫെബ്രുവരി 16നാണ് തുടര്‍ച്ചയായ മൂന്നാം വട്ടം ദില്ലി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‍രിവാള്‍ സ്ഥാനമേല്‍ക്കുന്നത്.

മറ്റൊരു സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കളോ മുഖ്യമന്ത്രിമാരോ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ആം ആദ്മിയുടെ മുതിര്‍ന്ന നേതാന് ഗോപാല്‍ റായ് അറിയിച്ചു. ദില്ലിയില്‍ നിന്നുള്ള എല്ലാവര്‍ക്കും അവരുടെ മകനും, സഹോദരനുമൊക്കെയായ അരവിന്ദ് കെജ്‍രവാളിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് സ്വാഗതമെന്നും ആം ആദ്മി നേതാവ് മനീഷ് സിസോദിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

click me!