കർണ്ണാടകത്തിൽ 20ലേറെ കോൺഗ്രസ് എംഎൽഎമാർ അസന്തുഷ്ടരെന്ന് യെദ്യൂരപ്പ

By Web TeamFirst Published May 10, 2019, 5:03 PM IST
Highlights

"അവർ ഏത് നിമിഷവും തീരുമാനമെടുക്കും. നമുക്ക് കാത്തിരുന്ന് കാണാം," കർണ്ണാടകത്തിൽ അധികാരം പിടിക്കുമെന്ന സൂചന നൽകി വീണ്ടും ബിഎസ് യെദ്യൂരപ്പ

ബെംഗലുരു: കർണ്ണാടകത്തിൽ കോൺഗ്രസ്-ജെഡിഎസ് സർക്കാരിൽ 20 ലേറെ കോൺഗ്രസ് എംഎൽഎമാർ അസന്തുഷ്ടരെന്ന് പ്രതിപക്ഷ നേതാവ് ബിഎസ് യെദ്യൂരപ്പ. ഇവർ വേഗത്തിൽ തീരുമാനമെടുക്കുമെന്നും ബാക്കി കാര്യങ്ങൾ അപ്പോൾ കാണാമെന്നും യെദ്യൂരപ്പ പറഞ്ഞു. സംസ്ഥാനത്ത് വീണ്ടും അധികാരത്തിലെത്തുമെന്ന സൂചനയാണ് യെദ്യൂരപ്പ നൽകിയത്.

മെയ് 19 ന് സംസ്ഥാനത്ത് നടക്കുന്ന രണ്ട് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലും വിജയം ബിജെപിക്ക് ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം മൈസുരുവിൽ കഴിഞ്ഞ ദിവസം യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ യെദ്യൂരപ്പ സർക്കാരിനെ വിമർശിച്ചു. സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നിരിക്കുകയാണെന്നും ഇതേക്കുറിച്ച് ആരും ബോധവാന്മാരല്ലെന്നും അദ്ദേഹം പറഞ്ഞു.

കാമുകനെ മർദ്ദിച്ചവശനാക്കി കെട്ടിയിട്ട ശേഷമാണ് യുവതിയെ നാലംഗ സംഘം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. യുവതിയുടെ കാമുകനായ യുവാവ് പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ ഇയാളെ കല്ലുകൊണ്ട് അടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്.

click me!