ദില്ലി ജാമിയ മിലിയ ഇസ്‍ലാമിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറെ വിവാദ ചോദ്യപേപ്പറിന്റെ പേരിൽ സസ്പെൻഡ് ചെയ്തു. സോഷ്യൽ വർക്ക് പരീക്ഷയിൽ ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷം നേരിടുന്ന അതിക്രമങ്ങളെക്കുറിച്ച് ചോദിച്ചതാണ് നടപടിക്ക് കാരണം.
ദില്ലി: സോഷ്യൽ വർക്ക് ഒന്നാം സെമസ്റ്റർ പരീക്ഷാ ചോദ്യപേപ്പറിൽ മുസ്ലിം ന്യൂനപക്ഷം ഇന്ത്യയിൽ നേരിടുന്ന അതിക്രമത്തെ കുറിച്ചുള്ള ചോദ്യം ഉൾപ്പെടുത്തിയതിനെ തുടർന്ന് ദില്ലി ജാമിയ മിലിയ ഇസ്‍ലാമിയ യൂണിവേഴ്സിറ്റി പ്രഫസറെ സസ്പെൻഡ് ചെയ്തു. പ്രൊഫസർ വിരേന്ദ്ര ബാലാജി ഷഹരെയായണ് അധികൃതർ സസ്പെൻഡ് ചെയ്തത്. ചോദ്യപേപ്പർ വിവാദമായതിനെ തുടർന്ന് സംഭവം അന്വേഷിക്കാൻ യൂണിവേഴ്സിറ്റി പ്രത്യേക സംഘത്തെ നിയോഗിച്ചു. റിപ്പോർട്ട് വരുന്നത് വരെ പ്രഫസർ സസ്പെൻഷനിൽ തുടരും. രാജ്യത്ത് മുസ്ലിം ന്യൂനപക്ഷം നേരിടുന്ന അതിക്രമം ഉദാഹരണസഹിതം വിവരിക്കാനായിരുന്നു 15 മാർക്കിന്റെ ചോദ്യം. രജിസ്ട്രാർ സി.എ ഷെയ്ഖ് സെയ്ഫുള്ളയാണ് സസ്പെൻഡ് ചെയ്ത് ഉത്തരവിട്ടത്. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ സസ്‌പെൻഷൻ തുടരുമെന്നും അറിയിച്ചു. സസ്‌പെൻഷൻ കാലയളവിൽ ദില്ലി വിട്ടുപോകരുതെന്നും നിർദേശിച്ചു. അതേസമയം പ്രൊഫസർക്കെതിരെ പൊലീസിൽ പരാതി നൽകില്ലെന്നും അധികൃതർ അറിയിച്ചു.
ചോദ്യം സോഷ്യൽ മീഡിയയിൽ വിവാദത്തിനും പ്രതിഷേധത്തിനും കാരണമായിരുന്നു. അക്കാദമിക് ഉത്തരവാദിത്തവും സ്ഥാപനപരമായ അച്ചടക്കവും ഉയർത്തിപ്പിടിക്കുന്നതിനാണ് നടപടി സ്വീകരിച്ചതെന്ന് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. തിങ്കളാഴ്ച മുതൽ ചോദ്യപേപ്പറിന്റെ ചിത്രങ്ങൾ ഓൺലൈനിൽ പ്രചരിക്കാൻ തുടങ്ങിയതോടെ രൂക്ഷമായ പ്രതികരണങ്ങൾക്ക് കാരണമായി. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ മുതിർന്ന ഉപദേഷ്ടാവായ കാഞ്ചൻ ഗുപ്ത, എക്‌സിലെ സസ്‌പെൻഷൻ നോട്ടീസ് പങ്കിട്ടതോടെ ഈ വിഷയം കൂടുതൽ ചർച്ചയായി.
സസ്‌പെൻഷൻ ഉത്തരവിനപ്പുറം ജാമിയ മില്ലിയ ഇസ്ലാമിയ വിശദമായ പ്രസ്താവന പുറത്തിറക്കിയിട്ടില്ല. ചോദ്യം എങ്ങനെയാണ് തയ്യാറാക്കിയതെന്നും അംഗീകരിച്ചതെന്നും സർവകലാശാലാ മാനദണ്ഡങ്ങളോ പരീക്ഷാ മാർഗ്ഗനിർദ്ദേശങ്ങളോ ലംഘിച്ചിട്ടുണ്ടോ എന്നും അന്വേഷണ സമിതി പരിശോധിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
