
ഇംഫാൽ: മണിപ്പൂരിലെ രാഷ്ട്രപതിഭരണം അവസാനിക്കാനിരിക്കേ സംസ്ഥാനത്തെ 20 ബിജെപി എംഎൽഎമാർ ദില്ലിയിൽ. ഇന്നലെയാണ് ബിജെപി നേതാക്കൾ ദില്ലിയിലെത്തിയത്. സർക്കാർ രൂപവത്കരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായാണ് ബിജെപി എംഎൽഎമാർ എത്തിയതെന്നാണ് സൂചന. ഈ മാസം 12-നാണ് മണിപ്പൂരിൽ രാഷ്ട്രപതി ഭരണം അവസാനിക്കുന്നത്. ആഭ്യന്തര കലാപം രൂക്ഷമായതിന് പിന്നാലെ എൻ ബിരേൻ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനെത്തുടർന്ന് കഴിഞ്ഞ വർഷം ഫെബ്രുവരി 13 നാണ് കേന്ദ്രം സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. പിന്നീട് ആറുമാസത്തേക്കുകൂടി അത് നീട്ടുകയായിരുന്നു.
ദില്ലിയിലേക്കുള്ള സംഘത്തിൽ ബിജെപി എംഎൽഎമാരെ കൂടാതെ സഖ്യകക്ഷികളായ നാഷണൽ പീപ്പിൾസ് പാർട്ടിയുടെയും നാഗ പീപ്പിൾസ് ഫ്രണ്ടിന്റെയും എംഎൽഎമാരും ഉണ്ടെന്നാണ് വിവരം. മണിപ്പൂർ ബിജെപി. അധ്യക്ഷ എ. ശാരദാദേവിയും ദില്ലിയിലെത്തിയിട്ടുണ്ട്. എല്ലാ എൻഡിഎ നിയമസഭാംഗങ്ങളെയും ദില്ലിയിലേക്ക് വിളിച്ചിട്ടുണ്ട്. ഒരു ജനപ്രിയ സർക്കാർ രൂപീകരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുവെന്നാണ് ഇംഫാൽ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ബിജെപി അധ്യക്ഷ ശാരദാ ദേവി പ്രതികരിച്ചത്. ബിജെപിയുടെ വടക്കുകിഴക്കൻസംസ്ഥാനങ്ങളുടെ ചുമതലയുള്ള സാംബിത്ത് പത്ര ഇന്ന് ഇവരുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
സർക്കാർ രൂപവത്കരണമാണ് പ്രധാന അജൻഡയെന്നും മുഖ്യമന്ത്രിസ്ഥാനത്തേക്ക് കേന്ദ്രനേതൃത്വം തീരുമാനിക്കുന്ന ഏതുനേതാവിനെയും അംഗീകരിക്കുമെന്നും ബിജെപി എംഎൽഎ സൊറോഖായ്ബാം രാജൻ വിമാനത്താവളത്തിൽവെച്ച് പറഞ്ഞു. ഇന്ന് വൈകുന്നേരമാണ് ബിജെപി ദേശീയ നേതൃത്വവുമായി മണിപ്പൂരിലെ ബിജെപി നേതാക്കളുടെ കൂടിക്കാഴ്ച. എന്നാൽ യോഗത്തിന്റെ അജണ്ട പ്രഖ്യാപിച്ചിട്ടില്ലെന്നാണ് സംസ്ഥാന നേതാക്കൾ പറയുന്നത്. 2027 വരെ കാലാവധിയുള്ള സംസ്ഥാന നിയമസഭ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. 60 അംഗ മണിപ്പൂർ നിയമസഭയിൽ ബിജെപിക്ക് 37 എംഎൽഎമാരുണ്ട്. മണിപ്പൂരിൽ എൻഡിഎയുടെ ഭാഗമായ എൻപിപിക്കും നാഗാ പീപ്പിൾസ് ഫ്രണ്ടിനും (എൻപിഎഫ്) യഥാക്രമം ആറ് എംഎൽഎമാരും അഞ്ച് എംഎൽഎമാരുമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam