
ദില്ലി: സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുകിന്റെ ആരോഗ്യനിലയിൽ ആശങ്കയറിയിച്ച് ഭാര്യ ഗീതാഞ്ജലി ആങ്‌മോ നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതിയുടെ അടിയന്തര ഇടപെടലില്ല. ഹർജി പരിഗണിച്ച ഹൈക്കോടതി, കേന്ദ്രത്തിന് വിശദീകരണം തേടി നോട്ടീസ് നൽകി. നിലവിൽ സഫ്ദർജംഗ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. കുടുംബത്തിന് കാണാൻ അനുവാദമുണ്ട്. സോനം ഡോക്ടർമാരുമായി സഹകരിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
വാങ്ചുകിനെ നിലവിൽ പ്രവേശിപ്പിച്ചിരിക്കുന്ന സഫ്ദർജംഗ് സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ വിശ്വാസമില്ലെന്നും, അദ്ദേഹത്തെ തങ്ങളുടെ ഇഷ്ടപ്രകാരമുള്ള ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് അടിയന്തര ഹർജി നൽകിയത്.
അതേസമയം, വിഎംഎംസി , സഫ്ദർജംഗ് ആശുപത്രികളിൽ വാങ്ചുകിന് ആവശ്യമായ എല്ലാ വൈദ്യസഹായവും ലഭ്യമാക്കുന്നുണ്ടെന്നാണ് ഇന്ന് രാവിലെ 8:30 ന് പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിൽ അധികൃതർ വ്യക്തമാക്കിയത്. ഭാര്യയിലൂടെ സോനം വാങ്ചുക് സമരക്കാർക്ക് ഒരു സന്ദേശം കൈമാറിയിട്ടുണ്ട്. ജൂലൈ 20 തിങ്കളാഴ്ച പാർലമെന്റിലേക്ക് നടത്താൻ നിശ്ചയിച്ചിരിക്കുന്ന മാർച്ച് ഇന്ത്യയുടെ 'രണ്ടാം സ്വാതന്ത്ര്യ സമരമാണ്' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇത് വൻ വിജയമാക്കാൻ പ്രക്ഷോഭകരോട് അഭ്യർത്ഥിച്ചു.
ഇന്നലെയാണ് ജന്തർ മന്തറിൽ നിരഹാര സമരം നടത്തി വന്ന സോനം വാങ്ചുക്കിനെ സഫ്ദർജംഗ് ആശുപത്രയിലേക്ക് മാറ്റിയത്. പിന്നാലെയാണ് ഭർത്താവ് നിയമവിരുദ്ധ തടങ്കലിലാണെന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനനുവദിക്കണം എന്നാവശ്യപ്പെട്ട് സോനം വാങ്ചുക്കിൻ്റെ ഭാര്യ ഗീതാഞ്ജലി ആഗ്മോ ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. ആശുപത്രി അധികൃതർ നൽകുന്നത് തെറ്റായ പരിശോധന വിവരങ്ങളാണെന്നും സ്വകാര്യ ലബോറട്ടറിയിൽ പരിശോധിച്ചപ്പോൾ അക്കാര്യം വ്യക്തമായെന്നും ഹർജിയിൽ ചൂണ്ടികാട്ടുന്നു.
അതിനിടെ ഇന്നലെ അതീവ രഹസ്യമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് സോനം വാങ്ചുക്കിനെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയതെന്ന വിവരം പുറത്ത് വന്നു. പാർലമെൻ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള സുരക്ഷാ ഡ്രിൽ എന്ന പേരിൽ ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ പുലർച്ചെ മൂന്ന് മണിക്ക് മന്ദിർമാർഗ് പോലീസ് സ്‌റ്റേഷനിലെത്താൻ എസ്എച്ചഒമാർക്ക് നിർദ്ദേശം നൽകി. സ്റ്റേഷനിൽ വെച്ചാണ് ഓപ്പറേഷനെക്കുറിച്ചുള്ള വിരങ്ങൾ കൈമാറിയത്. പിന്നാലെ രാവിലെ വൈദ്യ സംഘം എന്ന പേരിൽ മഫ്തിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർ ജന്തർ മന്തറിൽ എത്തുകയും സോനം വാങ്ചുക്കിനെ ബലമായി ആശുപത്രിയിലേക്ക് നീക്കുകയുമായിരുന്നു.
സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന സോനം വാങ്ചുക്ക് ആശുപത്രിയിലും നിരാഹാര സമരം തുടരുകയാണ്. ആരോഗ്യ നില നിലവിൽ തൃപ്തികരമാണെങ്കിലും ഐവി ഫ്ലൂയിഡോ, മരുന്നുകളോ സ്വീകരിക്കുന്നില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam