തമിഴ്നാട്ടിൽ ലഹരിമുക്തമാകുന്ന ഗ്രാമങ്ങൾക്ക് 10 ലക്ഷം രൂപ സമ്മാനം നൽകുമെന്ന് മുഖ്യമന്ത്രി വിജയ്‍യുടെ പ്രഖ്യാപനം. നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഓരോ വർഷവും 50 ഗ്രാമങ്ങൾക്ക് പാരിതോഷികം നൽകും.
ചെന്നൈ: മയക്കുമരുന്നിനെതിരായ പോരാട്ടത്തിന് കരുത്ത് പകരാൻ കൂടുതൽ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി സി ജോസഫ് വിജയ്. ലഹരിമുക്തമാകുന്ന ഗ്രാമങ്ങൾക്ക് 10 ലക്ഷം രൂപ സമ്മാനമായി നൽകും. വ്യാഴാഴ്ച നിയമസഭയിലാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. പദ്ധതിക്കായി ഓരോ വർഷവും അഞ്ച് കോടി രൂപ വകയിരുത്തും. ഓരോ വർഷവും 50 ഗ്രാമങ്ങൾക്ക് പാരിതോഷികം നൽകാനാണ് സർക്കാരിൻ്റെ തീരുമാനം.
സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പോരാട്ടത്തിൻ്റെ ഭാഗമായാണ് പുതിയ പ്രഖ്യാപനം. കഴിഞ്ഞ മാസം ചെന്നൈയിലെ കോളേജിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി വിജയ്, 'ലഹരിമുക്ത തമിഴ്നാട്' എന്ന ക്യാംപെയിന് തുടക്കം കുറിച്ചിരുന്നു. ലഹരിക്കെതിരായ പോരാട്ടത്തിന് സർക്കാർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കുടുംബങ്ങൾ, യുവാക്കൾ എന്നിവരടങ്ങുന്ന കൂട്ടായ പ്രവർത്തനം ആവശ്യമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പരിപാടിയിൽവെച്ച് ലഹരിവിരുദ്ധ പ്രതിജ്ഞയും മുഖ്യമന്ത്രി ചൊല്ലിക്കൊടുത്തിരുന്നു. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ ചെന്നൈയിലെ മറീന ബീച്ചിൽ നടന്ന ലഹരിവിരുദ്ധ ബോധവൽകരണ ഓട്ടത്തിലും മുഖ്യമന്ത്രി പങ്കെടുത്തിരുന്നു.
അതേസമയം ലഹരിയുടെ ഉപയോഗം കുറയ്ക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. മയക്കുമരുന്ന് നിർമാണം, കടത്തൽ, വിപണനം എന്നിവയ്‌ക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുന്നതിൽ തമിഴ്‌നാട് മുൻപന്തിയിൽ നിൽക്കുക മാത്രമല്ല, പൊതുജനങ്ങൾക്കിടയിൽ, പ്രത്യേകിച്ച് യുവാക്കളിലും വിദ്യാർത്ഥികളിലും ലഹരിവിരുദ്ധ ബോധവൽക്കരണം നടത്തി ലഹരിയുടെ ഉപയോഗം കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ എല്ലാ ശ്രമങ്ങളും നടത്തുന്നുമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
29,108 പുതിയ പൊലീസ് പോസ്റ്റുകൾ സ്ഥാപിക്കും
സംസ്ഥാനത്ത് അടുത്ത അഞ്ച് വർഷത്തിനകം 29,108 പുതിയ പൊലീസ് പോസ്റ്റുകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ചു. ഈ വർഷം 10,000 പുതിയ പൊലീസ് ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യുമെന്നും ഇതിൽ പകുതിയും വനിതകളായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാന പൊലീസ് സേനയിലെ വനിതാ പ്രാതിനിധ്യം 22 ശതമാനത്തിൽനിന്ന് 30 ശതമാനത്തിലേക്ക് ഉയർത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.


