Covid : രാജ്യത്തെ ആരോഗ്യ പ്രവർത്തകർക്കിടയില്‍ അതിവേഗം പടര്‍ന്ന് കൊവിഡ്;ദില്ലിയിലെ പല ആശുപത്രികളും ഒപി നിർത്തി

By Web TeamFirst Published Jan 9, 2022, 12:36 PM IST
Highlights

ആരോഗ്യ പ്രവർത്തകർക്കിടയിൽ കൊവിഡ് പടർന്നതോടെ എയിംസ് ഉൾപ്പടെ ദില്ലിയിലെ പ്രധാന ആശുപത്രികളെല്ലാം പ്രതിസന്ധിയിലായിരിക്കുകയാണ്.

ദില്ലി: രാജ്യത്തെ ആരോഗ്യ പ്രവർത്തകർക്കിടയിലും കൊവിഡ് (Covid) അതിവേഗം പടരുന്നു. ദില്ലിയിലെ പത്ത് സർക്കാർ ആശുപത്രികളിലെ 1300 ലധികം ആരോഗ്യ പ്രവർത്തകർക്ക് ഒരാഴ്ച്ചയ്ക്കിടെ കൊവിഡ് സ്ഥിരീകരിച്ചു. 750 ലധികം ഡോക്ടർമാർ കൊവിഡ് ബാധിതരായതോടെ പല ആശുപത്രികളും ഒപി പരിശോധന നിർത്തി വെച്ചു.

ആരോഗ്യ പ്രവർത്തകർക്കിടയിൽ കൊവിഡ് പടർന്നതോടെ എയിംസ് ഉൾപ്പടെ ദില്ലിയിലെ പ്രധാന ആശുപത്രികളെല്ലാം പ്രതിസന്ധിയിലായിരിക്കുകയാണ്. ഒരു ദിവസത്തിനിടെ എംയിസിൽ നൂറിലധികം ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാനൂറിലധികം ആശുപത്രി ജീവനക്കാർ ക്വാറന്റീനിൽ കഴിയുകയാണ്. 350ലധികം റെസിഡൻ്റ് ഡോക്ടർമാക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ എയിംസിൽ ഓപി പരിശോധനകൾ നിർത്തി. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും തത്ക്കാലം ഏറ്റെടുക്കേണ്ട എന്നാണ് തീരുമാനം. സഫ്ദർജംഗ്, എൽഎൻജെപി ഉൾപ്പടെയുള്ള പത്ത് സർക്കാർ ആശുപത്രികളിലെ 1300 ൽ അധികം ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതായാണ് വിവരം. നഴ്സുമാരും, മറ്റ് പാരാമെഡിക്കൽ ജീവനക്കാരും ഉൾപ്പടെയാണിത്.  

ഗുരുതര ലക്ഷണങ്ങളില്ലാത്തതിനാൽ സ്മ്പർക്ക പട്ടികയിൽ ഉള്ളവർ ക്വാറൻ്റീനിൽ പോകേണ്ടതില്ലെന്നാണ് നിലവിൽ ആശുപത്രി ജീവനക്കാർക്ക് നൽകിയിരിക്കുന്ന നിർദേശം. ഹരിയാനയിലെ പിജിഐഎംഎസ് ആശുപത്രിയിൽ 50 ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ പ്രവർത്തകർക്കിടയിലെ രോഗ വ്യാപനം കൂടുന്നത് രാജ്യത്തെ ആരോഗ്യ സംവിധാനത്തെ പ്രതിസന്ധിയിലാക്കുമോ എന്ന ആശങ്ക നിലനിൽക്കുകയാണ്. അതേസമയം ബജറ്റ് നടക്കാനിരിക്കെ പാർലമെൻ്റിലെ നാനൂറിലധികം ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചു.

tags
click me!