
ഗുരുഗ്രാം: രഹസ്യ വിവരത്തെ തുടർന്ന് ആളൊഴിഞ്ഞ വീട്ടിൽ നടത്തിയ പരിശോധനയിൽ കോടികൾ വിലമതിക്കുന്ന കഞ്ചാവ് കണ്ടെടുത്തു. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. പട്ടൗഡി പ്രദേശത്തെ നനു ഖുർദ് ഗ്രാമത്തിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്നാണ് കോടികൾ വിലമതിക്കുന്ന 762.15 കിലോഗ്രാം കഞ്ചാവ് ഗുരുഗ്രാം പൊലീസ് കണ്ടെടുത്തത്. പ്ലാസ്റ്റിക് ചാക്കുകളിൽ സൂക്ൽിച്ച നിലയിലിയാിരുന്നു കഞ്ചാവ് എന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ആളൊഴിഞ്ഞ പ്രദേശത്തെ വീട്ടിൽ കഞ്ചാവുണ്ടെന്ന് പൊലീസിന് വിവരം ലഭിക്കുന്നത്, രഹസ്യവിവരത്തെ തുടർന്ന് ഇൻസ്പെക്ടർ സന്ദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള ഡിഎൽഎഫ് ഫേസ് 4 ക്രൈം യൂണിറ്റ് സംഘം തിങ്കളാഴ്ച രാത്രിയോടെ വീട് വളഞ്ഞു. പൊലീസ് സംഘമെത്തുമ്പോൾ ഈ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. ഇതോടെ പൊലീസ് വീട്ടുടമയായ ദൗലതാബാദ് കുനി ഗ്രാമത്തിലെ രാം സിംഗുമായി ബന്ധപ്പെട്ടു. എന്നാൽ വീട്ടിൽ ഏറെ നാളായി ആൾത്താമസമില്ലെന്നായിരുന്നു രാം സിംഗി്നറെ മറുപടി.
ഇതോടെ പൊലീസ് വിവരം ജില്ലാ മജിസ്ട്രേറ്റിനെ അറിയിച്ചു. തുടർന്ന് മജിസ്ട്രേറ്റിന്റെയും ഗ്രാമ സർപഞ്ചിന്റെയും സാന്നിധ്യത്തിൽ വീടിന്‍റെ പൂട്ട് തകർത്ത് അകത്ത് കയറി. പരിശോധനയിൽ പ്ലാസ്റ്റിക്ക് ചാക്കുകളിൽ സൂക്ഷിച്ച 762.15 കിലോഗ്രാം കഞ്ചാവ് പൊലീസ് സംഘം കണ്ടെത്തുകയായിരുന്നു. കോടികൾ വില വരുന്ന കഞ്ചാവാണ് കണ്ടെത്തിയതെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ വരുൺ ദഹിയ പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കഞ്ചാവ് പട്ടൗഡി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. എൻഡിപിഎസ്) പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കഞ്ചാവ് ഒളിപ്പിച്ചവരെ കണ്ടെത്താൻ വിശദമായ അന്വേഷണം ആരംഭിച്ചതായും എസിപി വരുൺ ദഹിയ വ്യക്തമാക്കി. വീടിന്‍റെ ഉടമസ്ഥനെയും വിശദമായി ചോദ്യം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
Read More : കുടുംബ വഴക്കിനിടെ ഭർത്താവ് ഭാര്യയുടെ ചെവി അരിവാളുകൊണ്ട് അറുത്ത് മാറ്റി, പ്രതിയെ പൊലീസ് പിടികൂടി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam