
ഹൈദരാബാദ്: ഉത്തര്‍പ്രദേശില്‍ മുസ്ലീങ്ങള്‍ക്കെതിരെയുള്ള പൊലീസ് ആക്രമണമെന്ന പേരില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ച പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മറുപടിയുമായി ഹൈദരാബാദ് എംപിയും എഐഎംഐഎം നേതാവുമായ അസദുദ്ദീന്‍ ഒവൈസി. ഇന്ത്യന്‍ മുസ്ലീങ്ങളെ കുറിച്ച് ആശങ്കപ്പെടാതെ പാകിസ്ഥാന്‍റെ ആഭ്യന്തര കാര്യങ്ങളെ കുറിച്ച് ആകൂലപ്പെടൂ എന്നാണ് ഇമ്രാനോട് ഒവൈസി പറഞ്ഞത്.
ഇന്ത്യയിലേതെന്ന് തെറ്റിദ്ധരിപ്പിച്ച് ബംഗ്ലാദേശില്‍ നിന്നുള്ള വീഡിയോ ഇമ്രാന്‍ വ്യാജമായി പ്രചരിപ്പിച്ചിരുന്നു. മിസ്റ്റര്‍ ഖാന്‍, താങ്കള്‍ സ്വന്തം രാജ്യത്തെ ഓര്‍ത്ത് ആശങ്കപ്പെടൂ. ഞങ്ങള്‍ ജിന്നയുടെ തെറ്റായ സിദ്ധാന്തം തള്ളി കളഞ്ഞതാണ്. ഇന്ത്യന്‍ മുസ്ലീം എന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുകയും അങ്ങനെ തുടരുകയും ചെയ്യുമെന്നും ഒവൈസി വ്യക്തമാക്കി.
ബംഗ്ലാദേശിലെ ധാക്കയില്‍ ഏഴുവര്‍ഷം മുന്‍പ് നടന്ന അതിക്രമത്തിന്‍റെ വീഡിയോയാണ് ഇമ്രാന്‍ ഖാന്‍ പ്രചരിപ്പിച്ചത്. പൗരത്വ പ്രതിഷേധങ്ങള്‍ക്കിടെ മുസ്ലീങ്ങള്‍ക്കെതിരെ നടന്ന അതിക്രമമെന്ന പേരില്‍ നിരവധിപ്പേരാണ് വീഡിയോ ഷെയര്‍ ചെയ്തത്. ബംഗ്ലാദേശില്‍ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായ റാപിഡ് ആക്ഷന്‍ ബറ്റാലിയന്‍റേതാണ് ഇമ്രാന്‍ ഖാന്‍ പ്രചരിപ്പിച്ച ദൃശ്യങ്ങള്‍. ആളുകളെ മര്‍ദ്ദിക്കുന്ന പൊലീസിന്‍റെ യൂണിഫോമില്‍ ആര്‍എബി എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കാണാന്‍ കഴിയും.
ഇമ്രാന്‍ ഖാന്‍റെ ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ ഉത്തര്‍പ്രദേശ് സംഭവത്തില്‍ വിശദീകരണം നല്‍കിയിരുന്നു. തെറ്റ് ചൂണ്ടിക്കാണിച്ചതോടെ ഇമ്രാന്‍ ഖാന്‍ ട്വീറ്റ് പിന്‍വലിച്ചു. എന്നാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ തെറ്റായ സന്ദേശം നിരവധി ആളുകളിലേക്കാണ് എത്തിയത്. ചോരയില്‍ കുളിച്ച് കിടക്കുന്ന ആളുകളെ പൊലീസ് വീണ്ടും വീണ്ടും മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്ക് നേരെ നടക്കുന്നുവെന്ന പേരില്‍ പ്രചരിച്ചത്.
2013 മേയ് ആറിന് ധാക്കയില്‍ മതനിന്ദ നിയമത്തിന്‍റെ പേരില്‍ നടന്ന പ്രതിഷേധത്തിനിടയില്‍ പൊലീസും ആളുകളും നേരിട്ട് ഏറ്റുമുട്ടുന്ന സാഹചര്യമുണ്ടായിരുന്നു. ഹെഫസാറ്റ് ഇ ഇസ്‍ലാം സംഘടനയായിരുന്നു പ്രതിഷേധത്തിന് പിന്നില്‍. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഒവൈസി പ്രതികരണം നടത്തി. മോദിയുടെ ഭരണകാലയളവില്‍ എന്‍ആര്‍സി നടപ്പാക്കാമെന്ന് കരുതേണ്ടെന്ന് ഒവൈസി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam