'ഭാരതത്തിന്‍റെ മതേതരത്വത്തില്‍ അഭിമാനം'; ഹിന്ദു രാഷ്ട്രമാക്കാന്‍ അനുവദിക്കില്ലെന്ന് ഒവൈസി

By Web TeamFirst Published Oct 15, 2019, 5:43 PM IST
Highlights
  • സമൂഹത്തിലെ ചിലര്‍ക്ക് മുഴുവന്‍ രാജ്യവും ഒറ്റ നിറത്തില്‍ പെയിന്‍റ്  അടിക്കാനാണ് ശ്രമമെന്ന് ഒവൈസി
  • മതേതരത്വവും ബഹുസ്വരതയുമാണ് ഭാരതത്തെ അസാധാരണമാക്കുന്നത്

താനെ: ഭാരതം ഹിന്ദു രാഷ്ട്രമല്ലെന്നും ഒരിക്കലും അങ്ങനെയാകുവാന്‍ അനുവദിക്കില്ലെന്നും ഹൈദരാബാദ് എംപിയും എഐഎംഐഎം നേതാവുമായ അസദുദ്ദീന്‍ ഒവൈസി. ഭാരതം ഹിന്ദു രാഷ്ട്രമാണെന്ന വീക്ഷണത്തില്‍ ആര്‍എസ്എസ് ഉറച്ചുനില്‍ക്കുകയാണെന്നുള്ള മോഹന്‍ ഭാഗവതിന്‍റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു ഒവൈസി.

മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കല്യാണില്‍ എഐഎംഐഎം സ്ഥാനാര്‍ത്ഥി അയാസ് മൗലവിക്ക് വേണ്ടിയുള്ള പ്രചാരണയോഗത്തിലാണ് ആര്‍എസ്എസിനെതിരെ ഒവൈസി ആഞ്ഞടിച്ചത്. സമൂഹത്തിലെ ചിലര്‍ മുഴുവന്‍ രാജ്യവും ഒറ്റ നിറത്തില്‍ പെയിന്‍റ്  അടിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍, പല വര്‍ണത്തിലുള്ള ഇന്ത്യയെയാണ് നമ്മള്‍ കാണുന്നത്.

അതാണ് ഇന്ത്യയുടെ ഭംഗിയും. ഭാരതം ഒരിക്കലും ഒരു ഹിന്ദു രാഷ്ട്രമല്ല, ഇന്‍ശാ അള്ളാഹ്, അങ്ങനെയാകാന്‍ നാം അനുവദിക്കില്ലെന്നും ഒവൈസി പറഞ്ഞു. ശിവസേനയ്ക്ക് പച്ച നിറത്തോട്  എതിര്‍പ്പാണെന്ന് ആരോപിച്ച ഒവൈസി കണ്ണട മാറ്റി നോക്കിയാല്‍ ഇന്ത്യന്‍ പതാകയിലും പച്ച നിറം കാണാമെന്നും ഓര്‍മ്മിപ്പിച്ചു.

മതേതരത്വവും ബഹുസ്വരതയുമാണ് ഭാരതത്തെ അസാധാരണമാക്കുന്നത്. അങ്ങനെ ലോകത്ത് വേറൊരു രാജ്യവുമില്ല. നാം അതില്‍ അഭിമാനം കൊള്ളുന്നു. നിങ്ങളുടെ ഒന്നും കാരുണ്യം കൊണ്ടല്ല ഇവിടെ ജീവിക്കുന്നതെന്നാണ് ആര്‍എസ്എസുകാരോട് പറയാനുള്ളതെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.

click me!