ഓക്സിജൻ പ്രതിസന്ധിയിൽ ഇടപെടലുമായി ദില്ലി ഹൈക്കോടതി; ഇന്ന് തന്നെ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കാൻ നിർദ്ദേശം

By Web TeamFirst Published Apr 26, 2021, 4:17 PM IST
Highlights

ഓക്സിജൻ ക്ഷാമം കണക്കിലെടുത്ത് തലസ്ഥാനത്തെ എല്ലാ വിതരണക്കാരോടും ചൊവ്വാഴ്ച ഹാജരാവാനും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ദില്ലിയിൽ സർ ഗംഗാ റാം ഉൾപ്പടെയുള്ള ആശുപുത്രികളിൽ  ഓക്സിജൻ ക്ഷാമം ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല.

ദില്ലി: ഓക്സിജൻ പ്രതിസന്ധി പരിഹരിക്കാൻ ഇന്ന് തന്നെ യോഗം വിളിക്കാൻ കെജ്രിവാൾ സർക്കാരിന് നിർദ്ദേശം നൽകി ദില്ലി ഹൈക്കോടതി. ഓക്സിജൻ വിതരണക്കാരുടെയും ആശുപത്രി അധികൃതരുടെയും യോഗം വിളിക്കണമെന്നാണ് നിർദ്ദേശം. നൂലാമാലകൾ ഒഴിവാക്കി അടിയന്തരമായി ഇടപെടണമെന്നാണ് ചീഫ് സെക്രട്ടിക്ക് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. ഇന്ന് തന്നെ യോഗം വിളിക്കാമെന്ന് ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു.

ദില്ലിയിലെ ഓക്സിജൻ ക്ഷാമം കണക്കിലെടുത്ത് തലസ്ഥാനത്തെ എല്ലാ വിതരണക്കാരോടും ചൊവ്വാഴ്ച ഹാജരാവാനും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ദില്ലിയിൽ സർ ഗംഗാ റാം ഉൾപ്പടെയുള്ള ആശുപുത്രികളിൽ  ഓക്സിജൻ ക്ഷാമം ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. കേന്ദ്രം 490 ടൺ ഓക്സിജൻ അനുവദിച്ചെങ്കിലും ഇതും ആശുപത്രികളിലെ ആവശ്യത്തിന് മതിയാകില്ലെന്ന് ഇന്നലെ കെജ്‍രിവാൾ അറിയിച്ചു.

രാധാ സോമി താത്കാലിക ആശുപത്രിയിൽ 500 ഓക്സിജൻ കിടക്കകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ ഉടൻ 200 ഐസിയു കിടക്കകളും സജ്ജമാക്കും. ഇതിനിടെ ടെസ്റ്റിങ്ങ് കേന്ദ്രങ്ങൾ കൂട്ടണമെന്ന് ദില്ലി ഹൈക്കോടതി ആവശ്യപ്പെട്ടു. ദില്ലിയിൽ 18 വയസ്സിനു മുകളിലുള്ളവ‍ർക്ക് വാക്സീൻ സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ അറിയിച്ചു.

ഇതിനിടെ വിദേശത്ത് നിന്നുൾപ്പെടെ രാജ്യത്തേക്ക് സഹായമെത്തിതുടങ്ങിയിട്ടുണ്ട്. അമേരിക്കയിൽ നിന്ന് ഓക്സിജൻ കോൺസൺട്രേറ്ററുകൾ ഇന്നെത്തിക്കും. സിംഗപ്പൂരും ദക്ഷിണ കൊറിയയും കൂടുതൽ സഹായം വാഗ്ദാനം ചെയ്തു. ഓക്സിജൻ എക്സ്പ്രസ് തീവണ്ടികളിൽ വിവിധ സംസ്ഥാനങ്ങളിൽ ടാങ്കറുകൾ എത്തിച്ചു തുടങ്ങി. ദില്ലിയിലെയും ഉത്തർപ്രദേശിലെയും മധ്യപ്രദേശിലെയും ഓക്സിജൻ ക്ഷാമം പരിഹരിക്കാനാണ് റെയിൽവേ ട്രെയിനുകളിൽ ടാങ്കറുകൾ എത്തിച്ചു തുടങ്ങിയത്. ആവശ്യമായ ടാങ്കറുകളുടെ ക്ഷാമം ഇപ്പോഴും ഉണ്ട്. ഇരുപത് ക്രയോജനിക് ടാങ്കറുകൾ കൂടി സിംഗപ്പൂരിൽ നിന്നും ദക്ഷിണ കൊറിയയിൽ നിന്നും എത്തിക്കും.

അന്തരീക്ഷത്തിൽ നിന്ന് ഓക്സിജൻ ശേഖരിച്ച് നേരിട്ട് രോഗികൾക്ക് നല്കാവുന്ന 318 ഓക്സിജൻ കോൺസൺട്രേറ്ററുകൾ അമേരിക്ക ഇന്ത്യയ്ക്ക് നൽകിയിട്ടുണ്ട് . പ്രത്യേക എയർ ഇന്ത്യ വിമാനം ഇവയുമായി ഇന്ത്യയിലേക്ക് തിരിഞ്ഞു. സിംഗപ്പൂരിൽ നിന്ന് 250 കോൺസൺട്രേറ്ററുകൾ ഇന്നലെ എത്തിച്ചിരുന്നു. 495 ഓക്സിജൻ കോൺസൺട്രേറ്ററുകളും 120 വെൻറിലേറ്ററും ബ്രിട്ടൻ ഇന്ത്യയ്ക്ക് നല്കും.

click me!