പാർട്ടി വിടുമെന്ന പ്രചാരണത്തിന് പിന്നിലും പാളയത്തിലെ പട തന്നെയാണെന്നാണ് തരൂർ കരുതുന്നത്. അതേസസമയം പാർട്ടിലൈൻ വിട്ടുള്ള മോദി സ്തുതിയിലും വിദേശകാര്യ നിലപാടിലും ഹൈക്കമാൻഡ് തരൂരിനെ അതൃപ്തി അറിയിച്ചു.
ദില്ലി: ഹൈക്കമാൻഡും ശശി തരൂരും തമ്മിലുള്ള അഭിപ്രായ വിത്യാസത്തിൽ മഞ്ഞുരുക്കം. പാർലമെന്റ് മന്ദിരത്തിലെ ഓഫീസിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തരൂരുമായി കൂടിക്കാഴ്ചനടത്തി. ഏറെ നാളായി കോൺഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ ദില്ലിയിൽ പറഞ്ഞ് തീർത്ത് നേതാക്കൾ. താൻ അധികാരമോഹിയല്ലയെന്നും വിമതനാകാനില്ലെന്നും കേന്ദ്ര നേതൃത്വവുമായുള്ള കൂട്ടിക്കാഴ്ചയിൽ ശശി തരൂർ വ്യക്തമാക്കി. കേരളത്തിലെയും കേന്ദ്രത്തിലെയും ചില നേതാക്കൾ തന്നെ ശത്രുവായി കണ്ടുവെന്നും തരൂർ ഖാർഗയോടും രാഹുലിനോടും വ്യക്തമാക്കി. തന്നെ കേരളത്തിൽ മുഖ്യമന്ത്രി പദവി മോഹിക്കുന്നയാളായി ചിത്രീകരിച്ചു, തനിക്ക് മുഖ്യമന്ത്രി മോഹം ഇല്ലായിരുന്നുവെന്നും തരൂർ പറഞ്ഞു.
പാർട്ടിവിടുമെന്ന പ്രചാരണത്തിന് പിന്നിലും പാളയത്തിലെ പട തന്നെയാണെന്നാണ് തരൂർ കരുതുന്നത്. ഇക്കാര്യവും തരൂർ നേതൃത്വത്തെ അറിയിച്ചു. അതേസസമയം പാർട്ടിലൈൻ വിട്ടുള്ള മോദി സ്തുതിയിലും വിദേശകാര്യ നിലപാടിലും ഹൈക്കമാൻഡ് തരൂരിനെ അതൃപ്തി അറിയിച്ചു. പ്രശ്‌നങ്ങുണ്ടായാൽ ഇനി നേരിട്ട് അറിയിക്കണമെന്നും നേതാക്കൾ തരൂരിനോട് ആവശ്യപ്പെട്ടു. തനിക്ക് പ്രവർത്തിക്കാൻ കുറച്ചുകൂടി ഇടം വേണം, അത് കേരളത്തിലായാൽ അത്രയും നല്ലത് എന്ന നിലപാട് തരൂർ കൂടിക്കാഴ്ചയിൽ പങ്കുവെച്ചുവെന്നാണ് വിവരം. ഹൈക്കമാൻഡ് നേതാക്കളുമായുള്ള ചർച്ച വളരെ ക്രിയാത്മകവും അനുകൂലവുമായിരുന്നെന്ന് തരൂർ കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു.
സിപിഎമ്മുമായി തരൂർ അടുക്കുന്നുവെന്ന വാർത്തകൾക്കിടെയാണ് ദില്ലിയിൽ ഹൈക്കമാൻഡ് നേതാക്കൾ തരൂരുമായി കൂടിക്കാഴ്ച നടത്തിയത്. അതേസമയം സിപിഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ ശശി തരൂർ തന്നെ തള്ളിയിരുന്നു. പാർട്ടിയുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിച്ചെന്നും പാർട്ടിയുമായി ഒരു പ്രശ്നമില്ലെന്നും തരൂർ വ്യക്തമാക്കി. രാഹുൽ ഗാന്ധിയുമായി നടത്തിയ ചർച്ചയിൽ പൂർണ്ണ തൃപ്തിയുണ്ട്. രണ്ടു മണിക്കൂർ പാർട്ടി അദ്ധ്യക്ഷനുമായും രാഹുൽ ഗാന്ധിയുമായും സംസാരിച്ചു. എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു. താനും പാർട്ടിയും ഒരേ ദിശയിലാണെന്നും തെരഞ്ഞെടുപ്പിൽ പ്രചാരണത്തിലുണ്ടാകുമെന്നും ശശി തരൂർ ദില്ലിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.


