ബിഹാർ സർക്കാർ ജീവനക്കാർക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സർക്കാർ നയങ്ങളെ വിമർശിക്കുന്നതിനും ജോലിസ്ഥലത്ത് നിന്ന് വീഡിയോ ചിത്രീകരിക്കുന്നതിനും വിലക്കുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി

പട്‌ന: സർക്കാർ ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ബിഹാർ സർക്കാർ ചട്ടങ്ങൾ ഭേദഗതി ചെയ്തു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് 'ബിഹാർ പബ്ലിക് സെർവന്റ് കണ്ടക്ട് (ഭേദഗതി) റൂൾസ് 2026' കൊണ്ടുവരാൻ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

നിർദ്ദേശങ്ങൾ 

ഇനി മുതൽ സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങുന്നതിന് മുൻപ് അധികൃതരിൽ നിന്ന് സർക്കാർ ജീവനക്കാർ അനുമതി വാങ്ങണം. വ്യാജ പേരുകളിലുള്ള അക്കൗണ്ടുകൾ നിരോധിക്കും. ഔദ്യോഗിക മൊബൈൽ നമ്പറോ ഇ മെയിലൊ സോഷ്യൽ മീഡിയയയിലെ വ്യക്തിഗത അക്കൗണ്ടുകൾ തുടങ്ങാൻ ഉപയോഗിക്കരുത്. കൂടാതെ വ്യാജ പേരുകളിൽ അക്കൗണ്ടുകൾ തുടങ്ങുന്നതിനും വിലക്കുണ്ട്. സർക്കാർ നയങ്ങൾ, പദ്ധതികൾ, കോടതി വിധികൾ എന്നിവയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വ്യക്തിപരമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ പാടില്ല. രാഷ്ട്രീയ പാർട്ടികളെയോ മറ്റ് സംഘടനകളെയോ അനുകൂലിക്കാനോ വിമർശിക്കാനോ അനുവാദമില്ല. ജോലി സ്ഥലത്തുനിന്നുള്ള വീഡിയോകൾ, റീലുകൾ എന്നിവ ചിത്രീകരിക്കുന്നതും ഔദ്യോഗിക ചർച്ചകൾ ലൈവ് സ്ട്രീം ചെയ്യുന്നതും പൂർണ്ണമായും നിരോധിച്ചു.

സർക്കാർ രേഖകളോ രഹസ്യ സ്വഭാവമുള്ള വിവരങ്ങളോ സോഷ്യൽ മീഡിയ വഴി പങ്കുവെക്കാൻ പാടില്ല. സർക്കാർ നേട്ടങ്ങളെ സ്വന്തം നേട്ടങ്ങളായി അവതരിപ്പിക്കുന്നതിനും വിലക്കുണ്ട്. നിയമങ്ങൾ ലംഘിക്കുന്ന ജീവനക്കാർക്കെതിരെ കർശനമായ വകുപ്പു തല നടപടികൾ സ്വീകരിക്കുമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്‌മെന്റ് അഡീഷണൽ ചീഫ് സെക്രട്ടറി ബി. രാജേന്ദർ അറിയിച്ചു. ഡിജിറ്റൽ ഇടങ്ങളിൽ ഉത്തരവാദിത്തത്തോടും അച്ചടക്കത്തോടും കൂടി ഉദ്യോഗസ്ഥർ പെരുമാറുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് സംസ്ഥാന സർക്കാരിന്റെ വിശദീകരണം.