
ദില്ലി: ഓയോ റൂം സ്ഥാപകനും വ്യവസായിയുമായ റിതേഷ് ആഗർവാളിന്‍റെ പിതാവ് രമേഷ് അഗർവാൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. ഗുരുഗ്രാമിലെ ഡിഎൽഎഫ് ദി ക്രെസ്റ്റ് ഫ്ലാറ്റ് സമുച്ചയത്തിലാണ് ദാരുണമായ അപകടം നടക്കുന്നത്. ഫ്ലാറ്റിന്‍റെ ഇരുപതാം നിലയില്‍ നിന്നും താഴേക്ക് വീണാണ് മരണം. റിതേഷ് ആഗർവാളും അമ്മയും ഭാര്യയുമടക്കം ഫ്ലാറ്റിലുള്ളപ്പോഴാണ് അപകടമെന്ന് പൊലീസ് പറയുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഡിഎല്‍എഫ് ഫ്‌ളാറ്റിന്റെ 20-ാം നിലയില്‍നിന്ന് ഒരാള്‍ വീണുവെന്ന വിവരം ഉച്ചയ്ക്ക് ഒരു മണിക്കാണ് ലഭിച്ചതെന്ന് പൊലീസ് പറയുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് രമേശ് അഗര്‍വാളാണ് മരിച്ചതെന്ന് വ്യക്തമായത്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പിതാവ് മരണപ്പെട്ട വിവരം റിതേഷ് ആഗർവാള്‍ സ്ഥിരീകരിച്ചു. അദ്ദേഹം വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ഞങ്ങളെ എല്ലാ ദിവസവും പ്രചോദിപ്പിച്ചിരുന്ന ആളാണ്, അച്ഛന്‍റെ വിയോഗം ഞങ്ങളുടെ കുടുംബത്തിന് തീരാ നഷ്ടമാണ്'- റിതേഷ് അഗര്‍വാള്‍ പ്രസ്താവനയില്‍ പറഞ്ഞു.
'ഏറെ പ്രയാസം നിറഞ്ഞ ജീവിത സാഹചര്യങ്ങളിലൊക്കെ അച്ഛന്‍ അനുകമ്പയോടെയും ഊഷ്മളതയോടെയും ഞങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് കൂടെയുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ സ്നേഹവും കരുതലും എന്നും ഞങ്ങളുടെ ഹൃദയത്തിലുണ്ടാകും. വ്യക്തിപരമായ ദുഖത്തിലാണ് ഞങ്ങള്‍, ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുകയാണ്'- റിതേഷ് അഗര്‍വാള്‍ പറഞ്ഞു.
അടുത്തിടെയാണ് റിതേഷ് അഗർവാള്‍ വിവാഹിതനാകുന്നത്. ഗീതാൻഷ സൂദ് ആണ് ഭാര്യ. വിവാഹ ശേഷം ഇവരോടൊപ്പമായിരുന്നു മാതാപിതാക്കളുണ്ടായിരുന്നത്. 29കാരനായ റിതേഷ് രാജ്യത്തെ പ്രായം കുറഞ്ഞ ശതകോടീശ്വരില്‍ ഒരാളാണ്. 2013ല്‍ തന്റെ പത്തൊമ്പതാം വയസ്സിലാണ് റിതേഷ് ഓയോയ്ക്ക് തുടക്കമിടുന്നത്.
Read More : 'എന്‍റെ മരണത്തിന് കമ്പനി ഉത്തരവാദിയില്ല'; കൈയ്യില്‍ പേനകൊണ്ട് എഴുത്ത്, ടെക്കിയുടെ മരണം ആത്മഹത്യ?