
ദില്ലി: സമീപകാലത്ത് നടന്ന ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ പി ചിദംബരം. കഴിഞ്ഞ രണ്ടോ മൂന്നോ യോഗങ്ങളിൽനിന്ന് കാര്യമായ പ്രയോജനങ്ങളൊന്നും താൻ കണ്ടിട്ടില്ലെന്നും ചിദംബരം പറഞ്ഞു. 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ദില്ലി വേദിയാകാനിരിക്കെ വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു പി ചിദംബരം.
ബ്രിക്സ്, ഷാങ്ഹായ് സഹകരണ സംഘടന (എസ്‍സിഒ), ജി20, ക്വാഡ് തുടങ്ങിയ നിരവധി അന്താരാഷ്ട്ര കൂട്ടായ്മകളിൽ ഇന്ത്യ അംഗമാണെങ്കിലും, അതിൽ നിന്നെല്ലാം രാജ്യത്തിന് എന്ത് പ്രയോജനമാണ് ലഭിച്ചതെന്ന് ചിദംബരം ചോദിച്ചു. എത്ര പ്രസിഡൻ്റുമാരും പ്രധാനമന്ത്രിമാരും വരുന്നുണ്ടെന്ന് തനിക്കറിയില്ല. കഴിഞ്ഞ രണ്ടോ മൂന്നോ ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് കാര്യമായ നേട്ടങ്ങളോ ഫലങ്ങളോ ഉണ്ടായതായി കരുതുന്നില്ലെന്നും ചിദംബരം പറഞ്ഞു.
നമ്മൾ ബ്രിക്സിലും എസ്‍സിഒയിലും ജി20യിലും ക്വാഡിലുമൊക്കെ അംഗമാണ്. ഇതുകൊണ്ട് നമുക്ക് എന്ത് ഗുണമാണ് കിട്ടുന്നത്? തനിക്കൊന്നും കാണാൻ കഴിയുന്നില്ല. കഴിഞ്ഞ രണ്ടോ മൂന്നോ ഉച്ചകോടികളിൽനിന്ന് ഒരു നേട്ടവും കണ്ടില്ല. മുൻപ് നടന്ന ബ്രിക്സ് ഉച്ചകോടികൾ ചില പ്രയോജനങ്ങൾ നൽകിയിരുന്നുവെന്നും പി ചിദംബരം പറഞ്ഞു.
18-ാമത് ബ്രിക്സ് ഉച്ചകോടിക്കായി ദില്ലിയിൽ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നതിനിടെയാണ് പി ചിദംബരത്തിൻ്റെ പരാമർശം. സെപ്റ്റംബർ 12, 13 തീയതികളിലായി ദില്ലിയിലെ ഭാരത് മണ്ഡപത്തിലാണ് ബ്രിക്സ് രാജ്യങ്ങളുടെ ഉച്ചകോടി നടക്കുന്നത്. 'പ്രതിരോധം, നൂതനാശയം, സഹകരണം, സുസ്ഥിരത എന്നിവയ്ക്കായി ഒരുമിക്കാം' എന്നതാണ് ഈ വർഷത്തെ ഔദ്യോഗിക മുദ്രാവാക്യം. ബ്രിക്സ് അംഗരാജ്യങ്ങളുടെ പ്രധാന സെഷൻ ശനിയാഴ്ച (സെപ്റ്റംബർ 12) ഉച്ചയ്ക്ക് രണ്ടിന് നടക്കും. ഞായറാഴ്ച അംഗരാജ്യങ്ങളുടെയും പങ്കാളി രാജ്യങ്ങളുടെയും സംയുക്ത സെഷൻ നടക്കും. ഉച്ചകോടി ഞായറാഴ്ച ഉച്ചയോടെ സമാപിക്കും. ഉച്ചകോടിക്കായുള്ള ക്രമീകരണങ്ങൾ വിവിധ സർക്കാർ ഏജൻസികൾ വേഗത്തിലാക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam