'106 ദിവസം, ഒരു കുറ്റമെങ്കിലും ചുമത്തിയോ?', ചിദംബരം ഇന്ന് പാർലമെന്‍റിലെത്തും

By Web TeamFirst Published Dec 5, 2019, 5:46 AM IST
Highlights

ചിദംബരത്തിന് ജാമ്യം നൽകിക്കൊണ്ടുള്ള സുപ്രീംകോടതി വിധിയെ കോൺഗ്രസ് സ്വാഗതം ചെയ്തത് 'സത്യം ഒടുവിൽ വിജയിക്കും' എന്ന് പറഞ്ഞാണ്. ഐഎൻഎക്സ് മീഡിയ അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് ചിദംബരം അറസ്റ്റിലായത്.

ദില്ലി: തിഹാർ ജയിലിൽ 106 ദിവസം അടയ്ക്കപ്പെട്ട ശേഷം, ഇന്നലെ ജയിൽമോചിതനായ കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി ചിദംബരം ഇന്ന് പാർലമെന്‍റിലെത്തും. ചിദംബരത്തെ ഐഎൻഎക്സ് മീഡിയ അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് സിബിഐയും എൻഫോഴ്‍സ്മെന്‍റും അറസ്റ്റ് ചെയ്തത്. സിബിഐ റജിസ്റ്റർ ചെയ്ത കേസിൽ നേരത്തേ ചിദംബരത്തിന് നേരത്തേ ജാമ്യം ലഭിച്ചിരുന്നു. എൻഫോഴ്‍സ്മെന്‍റ് റജിസ്റ്റർ ചെയ്ത കേസിൽക്കൂടി ജാമ്യം ലഭിച്ചതോടെയാണ് ചിദംബരത്തിന് ജയിലിന് പുറത്തേക്ക് വഴിയൊരുങ്ങിയത്. 

ജസ്റ്റിസ് ആർ ഭാനുമതി അധ്യക്ഷയായ മൂന്നംഗബഞ്ചാണ് 74-കാരനായ ചിദംബരത്തിന് ഇന്നലെ ജാമ്യമനുവദിച്ച് ഉത്തരവിട്ടത്. ഓഗസ്റ്റ് 21-നാണ് സിബിഐ നാടകീയ നീക്കങ്ങൾക്കൊടുവിൽ ചിദംബരത്തെ കസ്റ്റഡിയിലെടുക്കുന്നത്.

ജയിൽമോചിതനായി പുറത്തേക്കിറങ്ങവേയും തന്‍റെ പതിവ് വസ്ത്രമായ വെള്ള ഷർട്ടും മുണ്ടും തന്നെയാണ് ചിദംബരം അണിഞ്ഞിരുന്നത്. തന്നെ പൊതിഞ്ഞ മാധ്യമപ്രവർത്തകരോട് ചിദംബരം പറഞ്ഞതിങ്ങനെ: ''106 ദിവസമായില്ലേ എന്നെ ജയിലിലടച്ചിട്ട്? ഇതുവരെ ഒരു കുറ്റമെങ്കിലും എനിക്ക് മേൽ ചുമത്തി ഒരു കുറ്റപത്രം തയ്യാറായോ?''

കേസിനെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ ചിദംബരം തയ്യാറായില്ല. കേസിനെക്കുറിച്ച് മാധ്യമങ്ങൾക്ക് അഭിമുഖം നൽകുകയോ, പൊതുപ്രസ്താവന നടത്തുകയോ ചെയ്യരുതെന്നാണ് ജാമ്യവ്യവസ്ഥയിൽ കോടതി ചിദംബരത്തോട് നിർദേശിച്ചിട്ടുള്ളത്.

ജയിൽമോചിതനായ ശേഷം, കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധിയെ ചിദംബരം സന്ദർശിച്ചു. ''സ്വാതന്ത്ര്യത്തിലേക്ക് നടക്കാൻ കഴിഞ്ഞതിൽ സന്തോഷം. സുപ്രീംകോടതി നീതി ഉയർത്തിപ്പിടിച്ചതിൽ അതിനേക്കാൾ സന്തോഷം'', സന്ദർശനത്തിന് ശേഷം ചിദംബരം പറഞ്ഞു.

ജയിലിന് പുറത്ത് ചിദംബരത്തെ സ്വീകരിക്കാൻ ഒരു സംഘം കോൺഗ്രസ് പ്രവ‍ർത്തകർ തടിച്ചുകൂടിയിരുന്നു. ചിദംബരത്തെ തോൽപിക്കാൻ ആകില്ലെന്നും, വ്യാഴാഴ്ച തന്നെ അച്ഛൻ പാർലമെന്‍റിലെത്തുമെന്നും പുറത്ത് കാത്തുനിന്ന മകൻ കാർത്തി ചിദംബരവും പ്രതികരിച്ചു. ''നീണ്ട കാത്തിരിപ്പായിരുന്നു. കോൺഗ്രസ് നേതൃത്വത്തിനാകെ എന്‍റെ നന്ദി, പിന്തുണയ്ക്ക്'', എന്ന് കാർത്തി.

ചിദംബരത്തിന് ജാമ്യം നൽകിക്കൊണ്ടുള്ള സുപ്രീംകോടതി വിധിയെ കോൺഗ്രസ് സ്വാഗതം ചെയ്തത് 'സത്യം ഒടുവിൽ വിജയിക്കും' എന്ന് പറഞ്ഞാണ്. ചിദംബരത്തെ അറസ്റ്റ് ചെയ്തത് പ്രതികാരരാഷ്ട്രീയത്തിന്‍റെ ഉത്തമോദാഹരണമാണെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചിരുന്നു. 

2017 മെയ് 15-നാണ് ഐഎൻഎക്സ് മീഡിയ എന്ന വിനോദ, വാർത്താ കമ്പനിക്ക് വിദേശഫണ്ട് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് വഴിവിട്ട രീതിയിൽ ഉന്നതർ ഇടപെട്ടെന്ന തരത്തിലുള്ള കേസ് സിബിഐ റജിസ്റ്റർ ചെയ്തത്. 2007-ൽ ചിദംബരം ധനമന്ത്രിയായിരുന്ന കാലത്ത് 305 കോടി രൂപ വിദേശഫണ്ടായി ഈ കമ്പനിക്ക് ലഭിച്ചതിൽ അനധികൃത ഇടപെടലുണ്ടായെന്നാണ് കേസ്. പിന്നീട് എൻഫോഴ്സ്മെന്‍റും ഇതുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസ് ഫയൽ ചെയ്തു.

click me!