
ദില്ലി : ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ,
ഖത്തർ അമീറുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ സംസാരിച്ചു. പഹൽഗാം ഭീകരാക്രമണത്തിന് ശേഷമുള്ള സാഹചര്യമാണ് ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനിയുമായി ചർച്ച ചെയ്തത്.
26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിൽ ഖത്തർ അമീർ അനുശോചനം രേഖപ്പെടുത്തി. ഭീകരതയ്‌ക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തിലും കുറ്റവാളികളെ നീതിക്ക് മുന്നിൽ കൊണ്ടുവരുന്നതിനുള്ള എല്ലാ നടപടികളിലും ഖത്തർ ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ഐക്യദാർഢ്യത്തിന്റെയും പിന്തുണയുടെയും വ്യക്തമായ സന്ദേശത്തിന് പ്രധാനമന്ത്രി മോദി ഖത്തർ അമീറിന് നന്ദി പറഞ്ഞു. ഇന്ത്യ-ഖത്തർ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനും തീരുമാനമായി. ഈ വർഷം ആദ്യം ഖത്തർ അമീർ ഇന്ത്യ സന്ദർശിച്ചിരുന്നു. സന്ദർശന വേളയിൽ എടുത്ത തീരുമാനങ്ങൾ നടപ്പിലാക്കാനുമുള്ള പ്രതിബദ്ധത ഇരു നേതാക്കളും ആവർത്തിച്ചു.