
ദില്ലി: പഹൽഗാം ഭീകരാക്രമണത്തിലെ അവസാന സൂത്രധാരനെയും ഇന്ത്യൻ സൈന്യം വധിച്ചു. ജമ്മു കശ്മീരിലെ ബദ്ഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ കൊടുംഭീകരൻ മൂസയെ ആണ് സൈന്യം വധിച്ചത്. ഇന്നലെ രാത്രിയോടെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. ബദ്ഗാം ജില്ലയിൽ ഉൾപ്പെടുന്ന സ്ഥലത്തായിരുന്നു ഓപ്പറേഷൻ ആരംഭിച്ചതെന്ന് സുരക്ഷാസേന വ്യക്തമാക്കുന്നു. പുലർച്ചെയോട് കൂടിയാണ് ഒരു ഭീകരനെ വധിച്ചതെന്ന് സുരക്ഷാസേന സ്ഥിരീകരിക്കുന്നുണ്ട്.
പഹൽഗാം ഭീകരാക്രമണത്തിലെ നാല് ഭീകരരുടെ ചിത്രങ്ങളാണ് പുറത്തുവന്നിരുന്നത്. അവരിൽ ആദ്യ രണ്ട് ഭീകരരെ ഓപ്പറേഷൻ മഹാദേവയിലൂടെ സുരക്ഷാ സേന വധിച്ചിരുന്നു. പിന്നീട് ബദ്ഗാമിൽ നടന്ന ഏറ്റുമുട്ടലിൽ ഒരാളെക്കൂടി വധിച്ചിരുന്നു. നാലാമനെ മാത്രം സുരക്ഷാസേനയക്ക് കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്നാണ് ഇന്നലെ രാത്രി മുതൽ പുലർച്ചെ വരെ നടന്ന ഏറ്റുമുട്ടലിൽ ലഷ്കര്‍ കൊടുംഭീകരൻ മൂസയെ സുരക്ഷാസൈന്യം വധിച്ചത്.
2022 മുതൽ കശ്മീർ മേഖലയിൽ വിവിധ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയ ഭീകരനാണ് മൂസ. ഇയാളെ വധിച്ചതായി ബദ്ഗാം എസ് എസ് പിയായ മലയാളി ഐപിഎസ് ഉദ്യോഗസ്ഥൻ കെ കെ ഹരിപ്രസാദ് ഏഷ്യാനെറ്റ് ന്യൂസിനോട് സ്ഥിരീകരിച്ചു. മറ്റു നടപടികൾ പുരോഗമിക്കുകയാണെന്നും ഇയാളെ വധിച്ചത് ജമ്മുകശ്മീർ പോലീസ് ഉൾപ്പെടെ സുരക്ഷാസേനയ്ക്ക് വലിയ നേട്ടം ആണെന്നും ഹരിപ്രസാദ് ഐപിഎസ് പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam