
ദില്ലി : പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ ആവശ്യപ്പെട്ടതനുസരിച്ച് പാകിസ്ഥാൻ നയതന്ത്ര ഉദ്യോഗസ്ഥർ മടങ്ങി. ഇന്ത്യയിലുണ്ടായിരുന്ന 20 നയതന്ത്ര ഉദ്യോഗസ്ഥരാണ് സമയ പരിധി അവസാനിച്ചതോടെ പാകിസ്ഥാനിലേക്ക് മടങ്ങിപ്പോയത്. ഒപ്പം പാക് സൈനിക ഉദ്യോഗസ്ഥരും തിരിച്ചു പോയി. പാകിസ്ഥാന്‍ വംശജർക്ക് തിരികെ പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സമയപരിധി ഇന്നലെ പൂര്‍ണ്ണമായും അവസാനിച്ചു. ആകെ 786 പാകിസ്ഥാൻ പൌരർ അട്ടാരി അതിർത്തി വഴി മടങ്ങി. ജമ്മു കശ്മീരിൽ നിന്ന് 24 പേരെ തിരിച്ചയച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
മുദസിർ അഹമ്മദ് ഷേക്കിന്റെ അമ്മയോട് രാജ്യം വിടാൻ ആവശ്യപ്പെട്ടില്ലെന്ന് ജമ്മുകശ്മീർ പൊലീസ്
രാജ്യം ശൗര്യചക്ര നൽകി ആദരിച്ച കോൺസ്റ്റബിൾ മുദസിർ അഹമ്മദ് ഷേക്കിന്റെ അമ്മയോട് രാജ്യം വിടാൻ ആവശ്യപ്പെട്ടുവെന്ന വാർത്തകൾ ജമ്മുകശ്മീർ പൊലീസ് തള്ളി. 2022 മെയ്യിലാണ് കോൺസ്റ്റബിൾ മുദസിർ അഹമ്മദ് ഷേക്ക് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചത് 2023ൽ മരണാനന്തര ബഹുമതിയായി രാജ്യം ശൗര്യ ചക്ര നൽകി ആദരിച്ചു. മുദസീറിന്റെ അമ്മ ഷമീമയാണ് അന്ന് രാഷ്ട്രപതിയിൽ നിന്ന് ശൗര്യചക്രം ഏറ്റുവാങ്ങിയത്. പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനിലേക്ക് തിരികെ പോകാൻ ആവശ്യപ്പെട്ടവരുടെ കൂട്ടത്തിൽ ഷമീമയുടെ പേരും ഉൾപ്പെട്ടിട്ടുണ്ടെന്നുള്ള വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാൽ വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ജമ്മു കശ്മീർ പൊലീസ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam