
ദില്ലി: പഹൽഗാമിൽ വിനോദസഞ്ചാരികളടക്കം 26 പേരെ ഭീകരർ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ തനിക്ക് ബന്ധമില്ലെന്ന് സിപ് ലൈൻ ഓപറേറ്റർ മുസമ്മിൽ എൻഐഎയോട് പറഞ്ഞതായി വിവരം. സിപ് ലൈനിൽ കയറുന്ന സഞ്ചാരികളെ പ്രാർത്ഥന ചൊല്ലിയാണ് വിടാറുള്ളതെന്നും വെടിയൊച്ചയും, പ്രാർത്ഥനയുമായി ബന്ധമില്ലെന്നും മുഹമ്മിൽ വ്യക്തമാക്കിയതായും എൻഐഎ വൃത്തങ്ങൾ പറയുന്നു. വെടിവയ്പ് തുടർന്നപ്പോൾ പ്രദേശത്ത് നിന്ന് മറ്റുള്ളവരെ പോലെ താനും ഓടിപ്പോയെന്നും മുസമ്മിലിൻ്റെ മൊഴി.
മകൻ മുസമ്മിലിന് തീവ്രവാദവുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു പിതാവ് അബ്ദുൽ അസീസിൻ്റെ പ്രതികരണം. മുസമ്മിലിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ബൈസരൻവാലിയിലെ വീട്ടിലെത്തിയ ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പിതാവിൻ്റെ പ്രതികരണം. എല്ലാ ടൂറിസ്റ്റുകളെയും സിപ് ലൈനിൽ കടത്തിവിടുമ്പോൾ അവർക്ക് യാതൊരു അപകടവും വരുത്തരുതേ എന്ന് പ്രാർത്ഥിക്കുന്നത് പതിവാണെന്നും മകൻ ചെയ്‌തത് ഇത്ര മാത്രമെന്നുമാണ് മുസമ്മിലിൻ്റെ പിതാവ് പറഞ്ഞത്.