
നവി മുംബൈ: 1000 രൂപയുടെ ഫീസ് കുടിശിക നൽകാത്തതിന്റെ പേരിൽ കെ.ജി വിദ്യാർത്ഥിയെ സ്കൂളിനുള്ളിൽ പൂട്ടിയിട്ടെന്ന ആരോപണവുമായി പിതാവ്. മുംബൈയിലെ സീവുഡ്സ് സെക്ടർ 42ൽ പ്രവർത്തിക്കുന്ന ഓർക്കിഡ് ഇന്റർനാഷണൽ സ്‍കൂളിന്റെ പ്രിൻസിപ്പലിനും വനിതാ കോർഡിനേറ്ററിനുമെതിരെ രക്ഷിതാവ് പൊലീസിൽ പരാതി നൽകിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഫീസ് കുടിശികയുള്ളതിന്റെ പേരിൽ അഞ്ച് വയസുകാരനെ കെ.ജി ക്ലാസിൽ ഇരിക്കാൻ സമ്മതിക്കാതെ സ്കൂളിലെ ഡേ കെയറിനുള്ളിൽ പൂട്ടിയിട്ടെന്നാണ് പിതാവിന്റെ പരാതി.
ജനുവരി 28നാണ് ആയിരുന്നു പരാതിക്ക് ആധാരമായ സംഭവം. ഉച്ചയ്ക്ക് 12.30ന് കുട്ടിയെ സ്കൂളിൽ നിന്ന് വിളിക്കാൻ എത്തിയപ്പോൾ മകനെ ക്ലാസിലെ മറ്റ് കുട്ടികൾക്കൊപ്പം വരിയിൽ കണ്ടില്ല. ക്ലാസ് ടീച്ചറോട് ചോദിച്ചപ്പോൾ മാനേജ്‍മെന്റിനോട് ചോദിക്കാനായിരുന്നു നിർദേശം. തുടർന്ന് പ്രിൻസിപ്പൽ വൈശാലി സോളങ്കിയെ കണ്ടു. അപ്പോഴാണ് ഫീസ് കുടിശികയുണ്ടെന്ന് പറഞ്ഞത്. ഫീസ് കുടിശിക വരുത്തിയതിനാൽ സ്കൂളിന്റെ നയമനുസരിച്ച് രണ്ട് കുട്ടികളെ സ്കൂൾ കോമ്പൗണ്ടിൽ തന്നെയുള്ള ഡേ കെയറിൽ ഇരുത്തിയെന്നും പ്രിൻസിപ്പൽ അറിയിക്കുകയായിരുന്നു.
പിന്നീട് പിതാവിന്റെ പരാതി പ്രകാരം സ്കൂൾ പ്രിൻസിപ്പലിനും കോർഡിനേറ്റർ ദീപ്തിക്കും എതിരെ എൻആർഐ കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ച് കുട്ടികൾക്ക് നേരെയുള്ള ക്രൂരതയ്ക്കാണ് കുറ്റം ചുമത്തിയത്. സ്കൂളിന്റെ സോണൽ മേധാവി ശ്രേയ ഷായോട് പരാതി അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രിൻസിപ്പലിനെ പുറത്താക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് അദ്ദേഹം വാക്കുമാറിയെന്നും അച്ഛന്റെ പരാതിയിൽ ആരോപിക്കുന്നു.
താൻ 42,000 രൂപ ഫീസായി അടച്ചിരുന്നെന്നും അവശേഷിക്കുന്ന 1000 രൂപയുടെ പേരിലാണ് ഇങ്ങനെ സ്കൂൾ അധികൃതർ ഇങ്ങനെ ചെയ്തതെന്നും അച്ഛൻ പറഞ്ഞു. സംഭവത്തെ തുടർന്ന് 1000 രൂപ അപ്പോൾ തന്നെ അടച്ചു. തുടർന്ന് മകനെ അവർ വിട്ടുതന്നു. എന്താണ് സംഭവിച്ചതെന്ന് അറിയാൻ പിന്നീട് സൂളിലെ സിസിടിവി ദൃശ്യങ്ങൾ താൻ ആവശ്യപ്പെട്ടു. അതിനായി ഇ-മെയിൽ വഴി അപേക്ഷ നൽകാനായിരുന്നു നിർദേശം. അത് നൽകിയിട്ടും ഒളിച്ചുകളി തുടർന്നു. ഇതോടെ എംഎൽഎയെ സമീപിച്ചു. അദ്ദേഹമാണ് പ്രിൻസിപ്പലിനും ജീവനക്കാർക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കമ്മീഷണറെ സമീപിച്ചത്.
പിന്നീട് സിസിടിവി ദൃശ്യങ്ങൾ കിട്ടിയപ്പോൾ തന്റെ മകനെയും മറ്റൊരു കുട്ടിയെയും രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ സ്കൂളിലെ ഡേ കെയറിനുള്ളിൽ പൂട്ടിയിട്ടിരുന്നു എന്നാണ് കണ്ടത്. പൊലീസിൽ പരാതി നൽകിയ ശേഷം. സ്കൂളിന്റെ സോണൽ മേധാവി തന്നെ ബന്ധപ്പെടുകയും പ്രിൻസിപ്പലിനെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തു. എന്നാൽ പിന്നീട് അവർ അത് പാലിച്ചില്ലെന്നും പിതാവ് ആരോപിച്ചു. നവി മുംബൈ മുനിസിപ്പഷൽ കമ്മീഷണർക്കും മറ്റ് അധികൃതർക്കും പിതാവ് പരാതി നൽകിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam