
ദില്ലി: 2019ൽ നടന്ന ബാലാകോട്ട് വ്യോമാക്രമണത്തിനിടെ ഇന്ത്യൻ വിങ് കമാന്‍ഡര്‍ അഭിനന്ദൻ വര്‍ധമാനെ പിടികൂടിയ പാക് സൈനിക ഉദ്യോഗസ്ഥനായ മേജര്‍ മോയിസ് അബ്ബാസ് ഷാ പാകിസ്ഥാനി താലിബാൻ ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പാകിസ്ഥാന്‍റെ സ്പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പിന്‍റെ ആറാം കമാന്‍ഡോ ബറ്റാലിയനിലെ സൈനികനാണ് മേജര്‍ സൈദ് മോയിസ്. പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ മേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് അബ്ബാസ് ഷാ കൊല്ലപ്പെട്ടത്.
തെഹ്രിക് ഇ താലിബാൻ (പാകിസ്ഥാനി താലിബാൻ) ഭീകരരുമായാണ് ഏറ്റുമുട്ടലുണ്ടായത്. പാക്-അഫ്ഗാൻ അതിര്‍ത്തി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയാണ് ടിടിപി. ഏറ്റുമുട്ടലിൽ 11 ഭീകരരെ വധിച്ചു. മേജര്‍ മോയിസ് അബ്ബാസ് ഷാ അടക്കം രണ്ടു പാക് സൈനിക ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. പാകിസ്ഥാനിലെ സൗത്ത് വസിരിസ്താൻ ജില്ലയിൽ നടന്ന രഹസ്യ ഓപ്പറേഷനിടെയാണ് സംഭവം.
2019ൽ പുൽമാവയിലെ ഭീകരാക്രമണത്തിന് 12 ദിവസങ്ങള്‍ക്കുശേഷം ഫെബ്രുവരി 26ന് പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യൻ സൈന്യം വ്യോമാക്രമണത്തിൽ തകര്‍ത്തിരുന്നു. പിന്നാലെ ഇന്ത്യൻ സൈന്യത്തിനുനേരെ പാക് സൈന്യം പ്രത്യാക്രമണം നടത്തിയിരുന്നു. ഇതിനിടെയാണ് പാക് അധീന കശ്മീരിൽ വെച്ച് ഇന്ത്യൻ വ്യോമ സേനയുടെ വിങ് കമാന്‍ഡര്‍ അഭിനന്ദൻ വര്‍ധമാനൻ നിയന്ത്രിച്ചിരുന്ന യുദ്ധവിമാനം പാകിസ്ഥാൻ സൈന്യം ആക്രമിച്ചത്.
ഇതോടെ ഇജക്ട് ചെയ്ത് പാരച്യൂട്ടിലിറങ്ങിയ അഭിനന്ദൻ വര്‍ധമാനെ പാകിസ്ഥാൻ സൈന്യം പിടികൂടുകയായിരുന്നു.ശ്രീനഗറിലെ 51 സ്ക്വാഡ്രണ്‍ ടീമിലെ അംഗമായിരുന്നു അഭിനന്ദൻ വര്‍ധമാൻ. ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള കടുത്ത സമ്മര്‍ദത്തിന്‍റെ ഫലമായി പിന്നീട് സമാധാന സന്ദേശമായി അഭിനന്ദൻ വര്‍ധമാനെ വിട്ടുനൽകുകയാണെന്ന് അന്നതെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രഖ്യാപിക്കുകയായിരുന്നു.
പാകിസ്ഥാൻ പിടികൂടി 58 മണിക്കൂറിനുള്ളിൽ തന്നെ വിങ് കമാന്‍ഡറെ കൈമാറുന്നതിൽ ധാരണയുണ്ടാക്കാനായത് ഇന്ത്യക്ക് നേട്ടമായിരുന്നു. ഫെബ്രുവരി 28ന് രാത്രി അട്ടാരി-വാഗ അതിര്‍ത്തി വഴിയാണ് അഭിനന്ദൻ വര്‍ധമാനൻ ഇന്ത്യയിലെത്തുന്നത്. 2021ൽ ഗ്രൂപ്പ് ക്യാപ്റ്റനായി സ്ഥാനം കയറ്റം ലഭിച്ച അഭിനന്ദ് വര്‍ധമാനെ വീര്‍ ചക്ര നൽകി രാജ്യം ആദരിച്ചിരുന്നു.