
ദില്ലി: അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi) അയച്ച കത്തിന് മറുപടി നൽകി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് (Shehbaz Sharif). ഇന്ത്യയെ ചർച്ചയ്ക്ക് ക്ഷണിച്ച പാക് (Pakistan) പ്രധാനമന്ത്രി ഇരു രാജ്യങ്ങളും തമ്മിൽ സമാധാനവും ഐക്യവും ആഗ്രഹിക്കുന്നതായും അറിയിച്ചു.
അവിശ്വാസപ്രമേയത്തിൽ പരാജയപ്പെട്ട് ഇമ്രാൻ ഖാൻ പടിയിറങ്ങിയതോടെയാണ് ഷഹ്ബാസ് ഷെരീഫ് പാക് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതിന് പിന്നാലെയാണ് മോദി അദ്ദേഹത്തിന് ആശംസാ സന്ദേശമയച്ചത്. കശ്മീര്‍ പ്രശ്നത്തിലും ഭീകരാക്രമണത്തിനെതിരായ പോരാട്ടങ്ങളിലും സമാധാനപരമായ തീര്‍പ്പ് ആഗ്രഹിക്കുന്നതായും അദ്ദേഹം നേരത്തേ പ്രതികരിച്ചിരുന്നു
ഇന്ത്യയുമായി നല്ല ബന്ധത്തിന് കശ്മീർ പ്രശ്നത്തിന് പരിഹാരമുണ്ടാകണം. പ്രശ്നങ്ങൾ പരിഹരിച്ച ശേഷം ദാരിദ്ര്യ നിർമാജനത്തിനായി ഇരു രാജ്യങ്ങൾക്കും ഒന്നിച്ച് പ്രവർത്തിക്കാമെന്നും പാകിസ്ഥാൻ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ദേശീയ അസംബ്ലിയിൽ നടത്തിയ ആദ്യ പ്രസംഗത്തിൽ ഷെഹബാസ് ഷെരീഫ് പറഞ്ഞിരുന്നു. പ്രധാനമന്ത്രിയെന്ന നിലയിൽ ദേശീയ അസംബ്ലിയിൽ നടത്തിയ ആദ്യ പ്രസംഗത്തിൽ സർക്കാർ ജീവനക്കാരുടെ മിനിമം വേതനം 25,000 രൂപയായി ഉയർത്തുന്നതായി ഷെഹബാസ് ഷെരീഫ് പ്രഖ്യാപിച്ചു.
ഏപ്രിൽ ഒമ്പത് ശനിയാഴ്ച രാവിലെ ചേർന്ന പാകിസ്ഥാൻ ദേശീയ അംസ്ലബിയിൽ 14 മണിക്കൂറോളം നീണ്ട തർക്കത്തിന് ഒടുവിലാണ് ദേശീയ അംസബ്ലിയുടെ അധോസഭ ഇമ്രാൻഖാനെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാൻ അവിശ്വാസ വോട്ടെടുപ്പിലൂടെ തീരുമാനിച്ചത്.
സംയുക്ത പ്രതിപക്ഷ അംഗങ്ങളുടെ നേതാക്കളുടെ കഠിനമായ പരിശ്രമവും അള്ളാഹുവിൻ്റെ അനുഗ്രഹവും കാരണമാണ് അസാധാരണ പ്രതിസന്ധിയിയിൽ നിന്നും രാജ്യത്തെ രക്ഷിക്കാനായതെന്ന് ഷെഹ്ബാസ് ഷെരീഫ് പറഞ്ഞിരുന്നു. പാക്കിസ്ഥാന്റെ ചരിത്രത്തിൽ ആദ്യമായാണ് അവിശ്വാസ പ്രമേയത്തിലൂടെ ഒരു പ്രധാനമന്ത്രിയെ പുറത്താക്കുന്നതെന്നും ഇത് ചരിത്രത്തിൽ ഇടം നേടുന്ന ദിവസമാണെന്നും പറഞ്ഞ ഷെഹബാസ് ജനങ്ങളുടെ സന്തോഷം സാമ്പത്തിക സൂചികകളിൽ കൂടി പ്രകടമാകുമെന്ന് പാകിസ്ഥാൻ രൂപയുടെ മൂല്യത്തിലുണ്ടായ വർധന ചൂണ്ടിക്കാട്ടി വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam