
ദില്ലി: പ്രതിസന്ധികളിലൂടെ കടന്ന് പോകുന്ന കോൺഗ്രസിനൊപ്പം ചേർന്ന് പ്രവർത്തിക്കാനൊരുങ്ങുകയാണ് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ (Prashant kishor). 2024 ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പദ്ധതി കോൺഗ്രസിന്റെ ഉന്നതതല നേതൃത്വത്തിന് മുൻപിൽ പ്രശാന്ത് കിഷോർ ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട്. പഴയ പ്രതാപമില്ലാത്ത കോൺഗ്രസ് (Congress) പ്രാദേശിക പാർട്ടികളുമായി നല്ല ബന്ധം ഉണ്ടാക്കണമെന്ന നിർദ്ദേശമാണ് പ്രശാന്ത് കിഷോർ പ്രധാനമായും മുന്നോട്ട് വെക്കുന്നത്. ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തികാട്ടുന്നത് ഒഴിവാക്കണമെന്നും പ്രശാന്ത് കിഷോർ നിർദ്ദേശിച്ചതായാണ് വിവരം. എന്നാലിക്കാര്യത്തിൽ പാര്‍ട്ടിക്കുളളിൽ നിന്നും പച്ചക്കൊടി ലഭിക്കുമോയെന്നതിൽ വ്യക്തതയായിട്ടില്ല.
കോൺഗ്രസിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ പ്രശാന്ത് കിഷോർ തീരുമാനിച്ചിട്ടുണ്ടെങ്കിലും
കോൺഗ്രസിൽ ചേരുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസും പ്രശാന്ത് കിഷോറും തമ്മിൽ ചർച്ചകൾ നടന്നിരുന്നെങ്കിലും കടുത്ത ഭിന്നതയിലാണ് അത് അവസാനിച്ചത്. മേഘാലയിൽ പ്രശാന്ത് കിഷോറിന്റെ ചരടുവലിയിൽ കോൺഗ്രസ് നേതാക്കൾ ഒന്നടങ്കം തൃണമൂൽ കോൺഗ്രസിൽ പോയതോടെ അകൽച്ച പൂർണമായി. എന്നാൽ ഗുജറാത്തിൽ നരേഷ് പട്ടേലിനെ പാർട്ടിയിൽ എത്തിക്കുന്നത് സംബന്ധിച്ച ചർച്ചകളോടെയാണ് പ്രശാന്ത് കിഷോറിനെ ഒപ്പം നിർത്താനുള്ള ആലോചനകളും വീണ്ടും തുടങ്ങിയത്. താൻ പാർട്ടിയിലേക്ക് എത്തണമെങ്കിൽ പ്രശാന്ത് കിഷോറിനെ തെരഞ്ഞെടുപ്പ് ചുമതലകൾക്ക് നിയോഗിക്കണമെന്ന് നരേഷ് പട്ടേൽ ആവശ്യപ്പെട്ടതായാണ് വിവരം.
പ്രശാന്ത് കിഷോർ എത്തുമോ? സോണിയാ ഗാന്ധിയുടെ വസതിയിൽ നിർണായക ചർച്ച
കോൺഗ്രസിൽ ചേരണോ എന്ന വിഷയത്തിൽ പ്രശാന്ത് കിഷോറാണ് തീരുമാനമെടുക്കേണ്ടതെന്നാണ് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചത്. കോൺഗ്രസിനെ സംഘടനാപരമായി ശക്തിപ്പെടുത്തുന്നതിന് ഒപ്പം സഖ്യങ്ങൾ സംബന്ധിച്ചും പാർട്ടിയിൽ ചർച്ചകൾ ഉണ്ടാകുമെന്ന് സ്ഥിരീകരിച്ച അദ്ദേഹം, പ്രശാന്ത് കിഷോർ സമർപ്പിച്ച 2024 ലോക്സഭാ തെരഞ്ഞെടുപ്പിന്റ രൂപരേഖയെ കുറിച്ച് പഠിക്കാൻ സമിതിയെ ഉടൻ തീരുമാനിക്കുമെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam