രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിത, അഭിഭാഷക ദീപ ജോസഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി സുപ്രീം കോടതിയെ സമീപിച്ചു.
ദില്ലി: അഭിഭാഷക ദീപ ജോസഫിനെതിരെ കടുത്ത ആരോപണങ്ങളുമായി രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിത. ദീപ ജോസഫ് സൈബർ വെട്ടുകിളി കൂട്ടത്തിന്‍റെ നേതാവാണെന്ന് അതിജീവിത വിമർശിച്ചു. തന്നെയും മറ്റ് ഇരകളെയും ദീപയും സംഘവും നിരന്തരം വേട്ടയാടുന്നു. സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ എഫ് ബി പോസ്റ്റുകളുടെ വിവർത്തനം ദീപ ജോസഫ് വളച്ചൊടിച്ചു. സുപ്രീം കോടതിയിൽ ഫയൽ ചെയ്ത വക്കാലത്തും അഫിഡവിറ്റും വ്യാജമെന്നും ആരോപണം. യുക്രൈനിൽ നിന്നും ഫയൽ ചെയ്ത ഹർജിയിലെ രേഖകൾ എംബസി സാക്ഷ്യപ്പെടുത്തിയിട്ടില്ലെന്നും അതിജീവിത ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങൾ പരാമർശിച്ച് അതിജീവിത സുപ്രീം കോടതിയിൽ അധിക സത്യവാങ്മൂലം സമർപ്പിച്ചു.
അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രനാണ് അതിജീവിതയ്ക്കായി അധിക സത്യവാങ്മൂലം സമർപ്പിച്ചത്. ദീപ ജോസഫിന്റെ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്‍റെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടാണ് അതിജീവിത ഹർജി നൽകിയത്. സത്യവാങ്മൂലത്തിലെ ആരോപണങ്ങൾ സംബന്ധിച്ച് അഭിഭാഷകൻ പ്രതികരിക്കുമെന്നാണ് ദീപ ജോസഫിന്‍റെ മറുപടി. സാമൂഹിക മാധ്യമങ്ങളിലൂടെ അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസിൽ ദീപ ജോസഫിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
അതിനിടെ ഒന്നിലേറെ ബലാത്സംഗ കേസുകളില്‍ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നതിനോട് യോജിക്കേണ്ടെന്ന് കോൺഗ്രസ് തീരുമാനം. തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എയെ എത്തിക്സ് കമ്മിറ്റി അയോഗ്യനാക്കുന്നത് തെറ്റായ കീഴ്വഴക്കം എന്നാണ് കോൺഗ്രസിന്‍റെ നിലപാട്. യുഡിഎഫ് പാർലമെന്ററി പാർട്ടിയിൽ ഘടക കക്ഷികൾക്കും സമാന നിലപാടാണ്.
രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന പരാതി നൽകിയ ഡി കെ മുരളിയുടെ ഹിയറിംഗ് നടത്താനാണ് നിയമസഭ പ്രിവിലേജ് ആന്റ് എത്തിക്സ് കമ്മിറ്റിയുടെ തീരുമാനം. ഈ മാസം 23ന് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാന്‍ മുരളിക്ക് എത്തിക്സ് കമ്മിറ്റി നിർദ്ദേശം നല്‍കി. മുരളിയുടെ പരാതിയിൽ സാങ്കേതിക പിഴവുണ്ടെന്ന് എത്തിക്സ് കമ്മിറ്റിയിലെ പ്രതിപക്ഷ അംഗങ്ങൾ ഇന്നലെ ഉന്നയിച്ചു. രാഹുലിന്റെ കേസുകൾ ഉയർത്തി വിഷയം ക്രമപ്രശ്നമായി ഉന്നയിക്കാൻ അവസരം നൽകണമെന്നാണ് ഡി കെ മുരളിയുടെ ആവശ്യം. ഇത്തരമൊരു ആവശ്യം എന്തിനാണ് എത്തിക്സ് കമ്മിറ്റി പരിഗണിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യം. മുരളിക്ക് പിന്നാലെ രാഹുലിനെ കൂടി കേട്ട ശേഷമായിരിക്കും കമ്മിറ്റി തീരുമാനം. സാങ്കേതിക നടപടികൾ നീളുന്നതിനാൽ ഈ സമ്മേളന കാലത്ത് അന്തിമ നടപടിയുണ്ടാകില്ല. രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെങ്കിലും എത്തിക്സ് കമ്മിറ്റി അയോഗ്യനാക്കുന്നതിനോട് കോൺഗ്രസിന് യോജിപ്പില്ല.


