
ദില്ലി: പാക്കിസ്ഥാന് വേണ്ടി ചാരപ്പണി നടത്തിയ റഷ്യയിലെ ഇന്ത്യൻ എംബസിയിലെ ജീവനക്കാരൻ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മോസ്കോ എംബസിയിലെ സെക്യൂരിറ്റി അസിസ്റ്റന്റും യു പി ഹാപുർ സ്വദേശയുമായ സത്യേന്ദ്ര സിവാലാണ് അറസ്റ്റിലായത്. യു പി തീവ്രവാദ വിരുദ്ധ സ്ക്വാഡ് മീററ്റിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
പാക് ചാര സംഘടനയായ ഐ എസ് ഐയിൽനിന്നും പണം വാങ്ങിയാണ് ഇയാൾ വിവരങ്ങൾ ചോർത്തി നൽകിയത്. 2021 മുതൽ ഇയാൾ എംബസിയിൽ ഇന്ത്യ ബേസ്ഡ് സെക്യൂരിറ്റി അസിസ്റ്റന്റായി പ്രവർത്തിക്കുകയായിരുന്നു. രാജ്യദ്രോഹ കുറ്റമടക്കം ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. ലക്നൗവിലെ എ ടി എസ് സ്റ്റഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇയാളെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കൂടുതൽ വിവരങ്ങൾ ഇങ്ങനെ
റഷ്യയിലെ ഇന്ത്യൻ എംബസിയിൽ പാകിസ്ഥാൻ ചാരൻ ജോലി പ്രവർത്തിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുപി എടിഎസിന്റെ നടപടി. പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തനം നടത്തിയെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. എന്നാൽ, പല ചോദ്യങ്ങൾക്കും ഇയാളിൽ നിന്ന് തൃപ്തികരമായ മറുപടി ലഭിച്ചിട്ടില്ല. എംബസി, പ്രതിരോധ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ട നിർണായക രഹസ്യവിവരങ്ങൾ ഇയാൾ ചോർത്തി ഐഎസ്ഐക്ക് കൈമാറിയതായും സൂചനയുണ്ട്. ഇന്ത്യൻ സൈന്യത്തിന്റെ ദൈന്യംദിന പ്രവർത്തനങ്ങളെക്കുറിച്ചും വിവരങ്ങൾ ചോർത്തുന്നതിനായി ഇന്ത്യയിലെ ഉദ്യോഗസ്ഥർക്ക് പണം നൽകാറുണ്ടെന്നും സത്യേന്ദ്ര സിവാൾ വെളിപ്പെടുത്തി.
ഹാപൂർ ജില്ലയിലെ ഷഹ്മഹിയുദ്ദീൻപൂർ സ്വദേശിയാണ് സിവാൾ. ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ ലഭിക്കാൻ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ ചാരന്മാർ മുഖേന വിദേശകാര്യ മന്ത്രാലയത്തിലെ ജീവനക്കാരെ പണം നൽകി പ്രലോഭിപ്പിക്കുന്നതായി വിവിധ രഹസ്യ കേന്ദ്രങ്ങളിൽ നിന്ന് രഹസ്യ വിവരം ലഭിച്ചിരുന്നു. സിവാൾ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam