
ബെംഗളൂരു: കാമുകനെ തേടി ഇന്ത്യയിലെത്തിയ പാക് പെൺകുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിൽ അനധികൃതമായി താമസിച്ച 19കാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇഖ്‌റ ജീവാനി എന്ന യുവതിയാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. യഥാർഥ പേരും വിവരങ്ങളും മറച്ചുവെച്ചാണ് ഇവർ ബെംഗളൂരുവിൽ താമസമാക്കിയത്. പെൺകുട്ടിയെ ഇന്ത്യയിലെത്തിച്ച ഉത്തർപ്രദേശ് സ്വദേശി മുലായം സിങ് യാദവ് എന്ന 25കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഓൺലൈൻ ഗെയിമിലൂടെയാണ് ഇരുവരും പരസ്പരം പരിചയപ്പെടുന്നത്. പരിചയം പ്രണയമായി വളർന്നു. വിവാഹം കഴിയ്ക്കണമെങ്കിൽ ഇന്ത്യയിലെത്തണമെന്ന് യുവാവ് അറിയിച്ചതിനെ തുടർന്നാണ് പെൺകുട്ടി സാഹസത്തിന് മുതിർന്നത്. നേപ്പാൾ അതിർത്തി വഴിയാണ് യുവാവ് പെൺകുട്ടിയെ ഇന്ത്യയിലെത്തിച്ചത്. നേപ്പാളിൽ വെച്ച് ഇരുവരും വിവാഹിതരായെന്നും പൊലീസ് പറഞ്ഞു. ബിഹാറിൽ ആദ്യമെത്തി. പിന്നീട് ബെംഗളൂരുവിലേക്ക് പുറപ്പെടുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയാണ് മുലായം സിങ് യാദവ്.
ബെംഗളൂരുവിൽ പേരും വിലാസവും മാറ്റി ജുന്നസാന്ദ്രയിലെ അയ്യപ്പക്ഷേത്രത്തിന് സമീപമുള്ള വാടകവീട്ടിലാണ് ഇരുവരും താമസിച്ചത്. റാവ യാദവ് എന്നാണ് ഇഖ്റ പേരുമാറ്റിയത്.
ഇന്ത്യൻ പാസ്‌പോർട്ടിന് അപേക്ഷിച്ച ശേഷം ഇഖ്‌റയ്ക്ക് വ്യാജ ആധാർ കാർഡും മുലായം സംഘടിപ്പിച്ച് നൽകി. എന്നാൽ, പാകിസ്ഥാനിലെ കുടുംബവുമായി ബന്ധപ്പെടാൻ ഇഖ്റ ശ്രമിച്ചതോടെ പിടിവീണു. പിന്നീട് പെൺകുട്ടി കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയുടെ നീരീക്ഷണത്തിലായി. ഏറെ ദിവസത്തെ നിരീക്ഷണത്തിനൊടുവിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഇഖ്‌റയെ എഫ്‌ആർആർഒ ഉദ്യോഗസ്ഥർക്ക് കൈമാറിയ ശേഷം സ്‌റ്റേറ്റ് ഹോമിലേക്ക് മാറ്റി. പെൺകുട്ടി ചാരവൃത്തി സംഘത്തിന്റെ ഭാഗമാണോ എന്ന കാര്യം അന്വേഷിക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വിദേശികൾക്കുള്ള നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഇവർക്ക് വാടകക്ക് വീട് ആൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam