
ദില്ലി:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൗദിയാത്രക്ക് മുമ്പ് വ്യോമപാത അടച്ചതിൽ പാകിസ്ഥാനോട് വിശദീകരണം തേടി ഇൻറർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ. ഇന്ത്യയുടെ പരാതിയിലാണ് നടപടി. സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ അനുമതിയില്ലാതെയായിരുന്നു പാകിസ്ഥാന്റെ തീരുമാനം. സാധാരണനിലയില്‍ ഏവിയേഷൻ ഓർഗനൈസേഷന്റെ അനുമതി ലഭിച്ച ശേഷം മാത്രമാണ് രാജ്യങ്ങള്‍ വ്യോമപാത അടയ്ക്കാന്‍ പാടുള്ളൂ.
എന്നാല്‍ പാകിസ്ഥാന്‍ അത്തരത്തിലൊരു അനുമതിയും നേടിയിട്ടില്ലെന്നാണ് വിവരം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ പരാതി നല്‍കിയത്. പാക് നടപടിയെത്തുടര്‍ന്ന് പ്രധാനമന്ത്രി സൗദിയിലേക്ക് എത്താന്‍ സാധാരണയിലും കൂടുതല്‍ സമയം എടുത്തെന്നും, യാത്രയില്‍ ദുഷ്ടക്കരമായ സാഹചര്യങ്ങളെ നേരിടേണ്ടി വന്നുവെന്നും വിശദീകരിച്ചാണ് ഇന്ത്യ പരാതി നല്‍കിയത്. നേരത്തെ കശ്മീര്‍ വിഷയത്തോടനുബന്ധിച്ചും വ്യോമപാത അടക്കുന്നതടക്കമുള്ള നടപടികള്‍ പാകിസ്ഥാന്‍ സ്വീകരിച്ചിരുന്നു.
അതേസമയം ആഗോള നിക്ഷേപക സംഗമത്തിൽ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദിയിലെത്തി. സൗദി ഭരണാധികാരികളുമായുള്ള കൂടിക്കാഴ്ചയില്‍ ഊർജ്ജ മേഖലകളിൽ ഉൾപ്പെടെയുള്ള തന്ത്രപ്രധാന കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെക്കും. സൗദിയിലെത്തിയ പ്രധാനമന്ത്രിക്ക് രാജകീയ സ്വീകരണമാണ് വിമാനത്താവളത്തില്‍ ലഭിച്ചത്. നിക്ഷേപ സഹകരണം, ഉഭയകക്ഷി ബന്ധം എന്നിവ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam