ഓക്സിജന്റെ ലഭ്യതക്കുറവ്; റാഞ്ചിയിൽ ആയിരക്കണക്കിന് മത്സ്യങ്ങൾ ചത്തുപൊങ്ങി

By Web TeamFirst Published Oct 29, 2019, 9:41 AM IST
Highlights

റാഞ്ചിയിലെ ചദാരിയിലുള്ള ലൈൻ ടാങ്ക് കുളത്തിൽ തിങ്കളാഴ്ചയാണ്  മത്സ്യങ്ങളെ ചത്ത നിലയിൽ കണ്ടെത്തിയത്.
 

റാഞ്ചി: റാഞ്ചിയിൽ ആയിരക്കണക്കിന് മത്സ്യങ്ങൾ ചത്തുപൊങ്ങി. ഓക്സിജന്റെ ലഭ്യതക്കുറവാണ് മീനുകൾ ചാകാൻ ഇടയാക്കിയതെന്ന് സർക്കാർ അധികൃതർ പറഞ്ഞു. റാഞ്ചിയിലെ ചദാരിയിലുള്ള ലൈൻ ടാങ്ക് കുളത്തിൽ തിങ്കളാഴ്ചയാണ് മത്സ്യങ്ങളെ ചത്ത നിലയിൽ കണ്ടെത്തിയത്.

ദുർഗാദേവിയുടെ വി​ഗ്രഹം നിമജ്ജനം ചെയ്തതും ദീപാവലിയുമാണ് മത്സ്യങ്ങൾ ചാകാൻ ഇടയാക്കിയതെന്നാണ്  പരിസ്ഥിതി പ്രവർത്തകർ പറയുന്നത്. 'ഇന്ന് ഞാൻ ലൈൻ ടാങ്ക് കുളം സന്ദർശിച്ചപ്പോൾ ആയിരക്കണക്കിന് മത്സ്യങ്ങൾ ചത്തതായി കണ്ടെത്തി. കഴിഞ്ഞ കുറച്ച് ദിവസമായി മത്സ്യങ്ങൾ ഓക്സിജനുവേണ്ടി കഷ്ടപ്പെടുകയായിരുന്നു. വിഗ്രഹങ്ങൾ നിമജ്ജനം ചെയ്തതും ദീപാവലി ആഘോഷങ്ങൾ മൂലമുണ്ടായ ഓക്സിജന്റെ അഭാവവുമാണ് മത്സ്യങ്ങൾ ചാകാൻ കാരണമായത്'- പരിസ്ഥിതി പ്രവർത്തകനായ നിതീഷ് പ്രിയദർശി പറഞ്ഞു. 

വി​ഗ്രഹങ്ങൾ നിമജ്ജനം ചെയ്തതിന് ശേഷം കുളം വൃത്തിയാക്കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കുളത്തിന് ചുറ്റും കോൺക്രീറ്റ് ചെയ്തതും ഓക്സിജന്റെ കുറവിന് കാരണമായി. ഇത് ജലത്തിന്റെയും ഓക്സിജന്റെയും സ്വാഭാവിക ഒഴുക്ക് നിയന്ത്രിക്കുകയും മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങാൻ ഇടയാക്കിയെന്നും നിതീഷ് പ്രിയദർശി വ്യക്തമാക്കി.

click me!