
ദില്ലി: ജമ്മു കശ്മീരിലെ സാംബയിൽ കുറച്ച് പാക് ഡ്രോണുകൾ എത്തിയെന്ന് ഇന്ത്യൻ പ്രതിരോധ സേനകൾ സ്ഥിരീകരിച്ചു. ഇവ തകർത്തതായും സേനാ വൃത്തങ്ങൾ അറിയിച്ചു. പഞ്ചാബിലെ അമൃത്‌സറിലും ഡ്രോൺ സാന്നിധ്യം സ്ഥിരീകരിച്ചു. അമൃത്‌സർ, ഹോഷിയാർപൂർ, ജമ്മു കശ്മീരിലെ ജമ്മു, രജൗരി, സാംബ എന്നിവിടങ്ങളിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ പാക് ഡ്രോണുകളെ തകർക്കുന്ന ദൃശ്യം പുറത്തുവന്നു. ദില്ലിയിൽ നിന്ന് അമൃത്‌സറിലേക്ക് വന്ന വിമാനം പഞ്ചാബിൻ്റെ ആകാശത്ത് വച്ച് തിരികെ ദില്ലിക്ക് പോയി. ഡ്രോൺ സാന്നിധ്യം കണ്ടെത്തിയതോടെയായിരുന്നു ഇത്.
ഇന്ത്യാ - പാക് വെടിനിർത്തലുമായി ബന്ധപ്പെട്ട് അമേരിക്കയുമായുള്ള സംഭാഷണത്തിൽ വ്യാപാരത്തെക്കുറിച്ച് പരാമർശമുണ്ടായില്ലെന്നാണ് ഇതിനിടയിൽ കേന്ദ്ര സർക്കാർ പറയുന്നത്. ഇപ്പോൾ വെടിനിർത്തലിലെത്തിയില്ലെങ്കിൽ വ്യാപാരം നിർത്തുമെന്ന് ഇരുരാജ്യങ്ങളോടും പറഞ്ഞെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. യുഎസ് വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസുമായി വിദേശകാര്യമന്ത്രി നടത്തിയ ചർച്ചകളിൽ വ്യാപാരത്തെക്കുറിച്ച് ഒരു പരാമർശവുമുണ്ടായില്ലെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്.
അതേസമയം ആക്രമണം തുടരുന്ന പാകിസ്ഥാനോട് എന്ത് നിലപാടായിരിക്കും ഇന്ത്യ സ്വീകരിക്കുകയെന്ന് വ്യക്തമല്ല. വളരെ കുറച്ച് ഡ്രോണുകൾ മാത്രമാണ് എത്തിയതെന്നാണ് ഇന്ത്യൻ സൈനിക വക്താവ് പ്രതികരിക്കുന്നത്. ഇതുവരെ വന്ന എല്ലാ ഡ്രോണുകളും ഇന്ത്യ തകർത്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി സമാധാനത്തിലേക്ക് എത്തിയ ജമ്മു കശ്മീർ മേഖല വീണ്ടും ഏറ്റുമുട്ടലിലേക്ക് നീങ്ങുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam