പ്രധാനമന്ത്രിയുടെ അഭിസംബോധനക്ക് പിന്നാലെ പാക് പ്രകോപനം, പത്തിടങ്ങളിൽ പാക് ഡോണുകളെത്തി; തകർത്ത് ഇന്ത്യ

Published : May 13, 2025, 02:27 AM IST
പ്രധാനമന്ത്രിയുടെ അഭിസംബോധനക്ക് പിന്നാലെ പാക് പ്രകോപനം, പത്തിടങ്ങളിൽ പാക് ഡോണുകളെത്തി; തകർത്ത് ഇന്ത്യ

Synopsis

പ്രധാനമന്ത്രിയുടെ അഭിസംബോധനയ്ക്ക് ശേഷം പാകിസ്ഥാൻ ഇന്ത്യൻ അതിർത്തിയിൽ പത്ത് സ്ഥലങ്ങളിൽ ഡ്രോൺ ആക്രമണം നടത്തി

ദില്ലി: പഹൽഗാം ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിനും തുടർന്നുണ്ടായ ഇന്ത്യ - പാക് സംഘർഷത്തിനും ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെയുണ്ടായ ശക്തമായ പാക് പ്രകോപനം തകർത്ത് ഇന്ത്യ. ഇന്ത്യ - പാകിസ്ഥാൻ അതിർത്തിയിൽ പത്തിടങ്ങളിലാണ് പാക് ഡ്രോണുകൾ പറന്നെത്തിയത്. എല്ലാം ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനവും സൈന്യവും തകർത്തു. ജമ്മു കശ്മീരിലെ സാംബയിലടക്കം പാക് ഡ്രോണുകൾ എത്തിയെന്നാണ് ഇന്ത്യൻ പ്രതിരോധ സേനകൾ പറയുന്നത്. ഇവ തകർത്തതായും സേനാ വൃത്തങ്ങൾ അറിയിച്ചു.

പഞ്ചാബിലെ അമൃത്‌സറിലും ഡ്രോൺ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ പാക് ഡ്രോണുകളെ തകർക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ജമ്മുവിലെ സാംബാ സെക്ടറിൽ പാക് ഡ്രോൺ ഇന്ത്യൻ സേന തകർക്കുന്ന ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എ എൻ ഐയാണ് പുറത്തുവിട്ടത്. പാക് പ്രകോപനം ശക്തമായ സാഹചര്യത്തിൽ അതിർത്തി പ്രദേശങ്ങളിൽ ബ്ലാക്ക് ഔട്ട് തുടരുകയാണ്.

അതേസമയം പാകിസ്ഥാന് കടുത്ത താക്കീതുമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. ഇന്ത്യയിലെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചവരുടെ ആസ്ഥാനം ഇന്ത്യന്‍ സേനകള്‍ മായ്ച്ച് കളഞ്ഞെന്ന് പ്രധാനമന്ത്ര വ്യക്തമാക്കി. ഭീകരതക്കെതിരെ ഓപ്പറേഷന്‍ സിന്ദൂരായിരിക്കും രാജ്യത്തിന്‍റെ ഇനിയുള്ള നയമെന്നും മോദി പ്രഖ്യാപിച്ചു. സൈനിക നീക്കം തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചിട്ടേയുള്ളൂവെന്നും, പ്രകോപനം തുടര്‍ന്നാല്‍ മറുപടി ചിന്തിക്കാവുന്നതിലും അപ്പുറമായിരിക്കുമെന്നും മോദി താക്കീത് നല്‍കി. വ്യാപാരവും ചര്‍ച്ചകളും ഭീകരതക്കൊപ്പം പോകില്ലെന്നും, ജലവും രക്തവും ഒന്നിച്ചൊഴുകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

വിശദ വിവരങ്ങൾ

20 മിനിട്ട് നീണ്ട അഭിസംബോധനയില്‍ പാകിസ്ഥാനെതിരെയും ഭീകരതക്കെതിരെയും ശക്തമായ ഭാഷയിലാണ് പ്രധാനമന്ത്രി സംസാരിച്ചത്. ഓപ്പറേഷന്‍ സിന്ദൂര്‍ വെറുമൊരു പേരായിരുന്നില്ല. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചാല്‍ എന്താകും ഫലമെന്ന് ഭീകരര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. സിന്ദൂരം മായ്ച്ചവരെ ഭൂമുഖത്ത് നിന്ന് തന്നെ സേന മായ്ച്ച് കളഞ്ഞു. ഇങ്ങനെയൊരു ആക്രമണം സ്വപ്നത്തില്‍ പോലും ഭീകരര്‍ ചിന്തിച്ചുണ്ടാവില്ല. ബഹാവല്‍പൂരിലും, മുരിട്കെയിലുമുള്ളത് തീവ്രവാദത്തിന്‍റെ സര്‍വകലാശാലകളായിരുന്നു. ആ കേന്ദ്രങ്ങള്‍ സൈന്യം ഭസ്മമാക്കി കളഞ്ഞെന്നും പ്രധാനമന്ത്രി പറഞ്ഞു. പാകിസ്ഥാന്‍ അഭിമാനമായി കണ്ടിരുന്ന എയര്‍ബേസുകള്‍ ഇന്ത്യ തകര്‍ത്തു. പാകിസ്ഥാന്‍റെ ഡ്രോണുകളും, മിസൈലുകളും നിഷ്പ്രഭമാക്കി. നൂറ് ഭീകരരെയെങ്കിലും വധിച്ചു. ഭയന്ന പാകിസ്ഥാന്‍ ലോകം മുഴുവന്‍ രക്ഷ തേടി. എല്ലാം തകര്‍ന്നതോടെ രക്ഷിക്കണേയെന്ന നിലയിലായ പാകിസ്ഥാന്‍ വെടിനിര്‍ത്തലിനായി ഇന്ത്യയുടെ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സിനെ വിളിച്ചെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇപ്പോഴത്തേത് ചെറിയൊരു വിരാമം മാത്രം. പാകിസ്ഥാന്‍റെ നീക്കങ്ങള്‍ നിരീക്ഷിക്കും. ഇന്ത്യക്ക് യുദ്ധത്തിന് താല്‍പര്യമില്ലെന്നും തീവ്രവാദത്തോട് പോരാടുമെന്നും മോദി വ്യക്തമാക്കി. പാകിസ്ഥാനോട് ചര്‍ച്ച നടത്തിയാല്‍ അത് തീവ്രവാദം ഇല്ലായ്മ ചെയ്യുന്നതിനെ കുറിച്ചോ അല്ലെങ്കില്‍ പാക് അധീന കശ്മീരിനെ കുറിച്ചോ മാത്രമായിരിക്കും. വെള്ളവും, രക്തവും ഒന്നിച്ച് പോകില്ലെന്ന് വ്യക്തമാക്കിയതോടെ സിന്ധു നദീ കരാറിലടക്കം ഇനി ചര്‍ച്ചയില്ലെന്നും പ്രധാനമന്ത്രി അടിവരയിട്ടു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജർമ്മൻ ദമ്പതികളടക്കം ക്രിസ്ത്യൻ പ്രാർത്ഥനാസംഘം കസ്റ്റഡിയിൽ; നിർബന്ധിത മതപരിവർത്തന പ്രവർത്തനം നടത്തിയെന്ന് രാജസ്ഥാൻ പൊലീസ്
ട്രെയിൻ യാത്ര ദുരന്തമായി; നവദമ്പതികൾക്ക് ദാരുണാന്ത്യം; ബന്ധുവീട്ടിലേക്ക് പോകുംവഴി ആന്ധ്രപ്രദേശിൽ വച്ച് അപകടം