
ദില്ലി: പാക് അധിനിവേശ കശ്മീരില്‍ പാകിസ്ഥാന്‍ 16 തീവ്രവാദ പരിശീലന കേന്ദ്രങ്ങള്‍ നടത്തുന്നുണ്ടെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍. കൂടുതല്‍ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. വേനല്‍ക്കാലത്ത് ഇന്ത്യയെ ആക്രമിക്കുകയാണ് ലക്ഷ്യമെന്നും ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ ടുഡേയാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
ഇന്‍റലിജന്‍റ്സ് വിവരങ്ങള്‍ അനുസരിച്ച് പരിശീലനം ലഭിച്ച ഭീകരവാദികള്‍ നിയന്ത്രണ രേഖയ്ക്ക് സമീപത്തെത്തിയിട്ടുണ്ട്. ഇന്‍റലിജന്‍റ്സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന്, ഭീകരവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുന്നത് തടയാന്‍ കര്‍ശന നിരീക്ഷണം നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യന്‍ സൈന്യം ഏര്‍പ്പെടുത്തി.
കഴിഞ്ഞ ആഴ്ച്ച ഭീകരവാദിയായിരുന്ന സക്കീര്‍ മൂസയെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതിന് ശേഷം മേഖല അശാന്തമാണ്. സക്കീര്‍ മൂസയുടെ ഏറ്റുമുട്ടല്‍ കൊലയ്ക്ക് പകരമായി ഭീകരവാദികള്‍ ആക്രമണത്തിന് ശ്രമിക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് സൈന്യം. 2016ല്‍ ബുര്‍ഹാന്‍ വാനി വധത്തിന് ശേഷമുള്ള സമാനമായ അവസ്ഥയാണ് കശ്മീരില്‍.
മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുകയും ബാലാകോട്ട് മിന്നലാക്രമണവും ജെയ്ഷെ ഇ മുഹമ്മദിനെ തളര്‍ത്തിയെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ഭീകരവാദ സംഘടനകളില്‍ പുതിയ ചെറുപ്പക്കാരെ ഉള്‍പ്പെടുത്തി ശക്തിപ്പെടുത്തുകയാണ് പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ ലക്ഷ്യം. പുല്‍വാമ ആക്രമണത്തിന് ശേഷം ജെയ്ഷെയുടെ നേതാക്കളടക്കം 30 പ്രധാനികളെ കൊലപ്പെടുത്തി. 2019ല്‍ മാത്രം 90 ഭീകരവാദികളെ കൊലപ്പെടുത്തിയെന്നാണ് സൈന്യത്തിന്‍റെ അവകാശവാദം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam