പാക്കിസ്ഥാന്‍ സ്ഥാനപതിയെ തിരികെ വിളിച്ചേക്കും; ഇന്ത്യയ്ക്ക് പിന്തുണയുമായി യുഎഇ

By Web TeamFirst Published Aug 6, 2019, 9:26 PM IST
Highlights

കശ്മീരിനായി ഏതറ്റംവരെയും പോകുമെന്ന് പാക്ക് സേനാ മേധാവിമാര്‍ യോഗം ചേര്‍ന്ന് പ്രഖ്യാപിച്ചു.  കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന പ്രസ്താവനയിലൂടെ യുഎഇ ഇന്ത്യയ്ക്ക് പിന്തുണ നല്‍കി. 

ശ്രീനഗര്‍: കശ്മീരിനുള്ള പ്രത്യേക പദവി എടുത്തു കളയാനും സംസ്ഥാനത്തെ വിഭജിക്കാനുമുള്ള ബില്‍ പാര്‍ലമെന്‍റ് പാസാക്കിയെങ്കിലും കശ്മീരിലെ അനിശ്ചിതാവസ്ഥ മാറുന്നില്ല. മുന്‍മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിയും, ഒമര്‍ അബ്ദുള്ളയും ഇപ്പോഴും കരുതല്‍ തടവില്‍ തുടരുകയാണ്. വിഭജനത്തോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച പാകിസ്ഥാന്‍ ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തില്‍ നിന്നും പിന്നോട്ട് പോകാനും ആലോചിക്കുന്നതായി വാര്‍ത്തകളുണ്ട്.  

ജമ്മുകശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍മുഖ്യന്ത്രിയുമായ  ഫറൂഖ് അബ്ദുള്ളയെവീട്ടുതടങ്കലിലാക്കിയതിനെച്ചൊല്ലി ഇന്ന് പാര്‍ലമെന്‍റില്‍ തര്‍ക്കമുണ്ടായി. തടവിലാക്കിയിട്ടില്ലെന്ന അമിത് ഷായുടെ വാദം തള്ളി ഫറൂഖ് അബ്ദുള്ള നേരിട്ട് രംഗത്തെത്തി. കശ്മീരില്‍ അതീവ സുരക്ഷ തുടരുകയാണ്. പ്രത്യേക പദവി റദ്ദാക്കിയതിനെതിരെയുള്ള ചൈനീസ് വിദേശ കാര്യ മന്ത്രാലയത്തിന്‍റെ പ്രസ്താവന ഇന്ത്യ തള്ളി.

ഫറൂഖ് അബ്ദുള്ളയുടെ അസാന്നിധ്യം ചൂണ്ടിക്കാട്ടി  കശ്മീരിലെ നേതാക്കളെ സര്‍ക്കാര്‍ വീട്ടിതടങ്കലിലാക്കിയെന്ന പ്രതിപക്ഷം ആരോപത്തിന് അദ്ദേഹം അനാരോഗ്യം മൂലം സഭയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെന്നായിരുന്നു അമിത് ഷായുടെ മറുപടി. ഫറൂഖ് അബ്ദുള്ള ശ്രീനഗറിൽ ഇതിനോട് പ്രതികരിച്ചു. ആഭ്യന്തര മന്ത്രി പാര്‍ലമെന്‍റില്‍ കള്ളം പറയുകയാണ്. ഞാന്‍ വീട്ടുതടങ്കലിലാണ്. എന്‍റെ ജനങ്ങളെ  വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ് - ശ്രീനഗറില്‍ വസതിയില്‍ വച്ച് മാധ്യമങ്ങളെ കണ്ട ഫറൂഖ് അബ്ദുള്ള പറഞ്ഞു. 

പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള തുടങ്ങിയ പ്രതിപക്ഷ നേതാക്കൾ ഇപ്പോഴും കരുതൽ തടങ്കലിലാണ്. സംസ്ഥാനത്ത് മാധ്യമങ്ങളുടേതടക്കം ടെലിഫോൺ, ഇന്‍റര്‍നെറ്റ് സൗകര്യങ്ങൾ വിച്ഛേദിച്ചിരിക്കുകയാണ്. അതിനിടെ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം പരിമിതപ്പെടുത്താന്‍ പാകിസ്ഥാൻ ആലോചിക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. 

പുതുതായി നിയോഗിച്ച ഹൈക്കമ്മീഷണറോട് ചുമതലയേല്‍ക്കേണ്ടെന്ന് പാകിസ്ഥാൻ ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ട്. കശ്മീരിന്‍റെ കാര്യത്തില്‍ സംഘര്‍ഷത്തിലേക്ക് നയിക്കുന്ന തീരുമാനങ്ങളെടുക്കരുതെന്ന് ചൈനീസ് വിദേശ കാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ആഭ്യന്തര വിഷയത്തിൽ ഇടപെടരുതെന്നും ഇന്ത്യ ചൈനയ്ക്ക് മറുപടി നല്‍കി. 

കശ്മീരിനായി ഏതറ്റംവരെയും പോകുമെന്ന് പാക്ക് സേനാ മേധാവിമാര്‍ യോഗം ചേര്‍ന്ന് പ്രഖ്യാപിച്ചു. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന പ്രസ്താവനയിലൂടെ യുഎഇ ഇന്ത്യയുടെ നിലപാട് പിന്തുണ അറിയിച്ചു. നിലവിലെ സ്ഥിതിഗതികള്‍ ഇന്ത്യയുടെ സുഹൃത്ത് രാഷ്ട്രങ്ങളെ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ധരിപ്പിച്ചിട്ടുണ്ട്. 

click me!